മലപ്പുറം : ‘ഏകലോകം ഏകാരോഗ്യം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന നിപ ബോധവത്ക്കരണ പ്രതിരോധ ക്യാംപയിന് തുടക്കമായി. ബോധവത്ക്കരണ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടർ വി.ആർ വിനോദ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭരണകൂടം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ക്ഷീര വികസന വകുപ്പ്, കൃഷി, വനം വകുപ്പ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാംപയിന്‍ നടത്തുന്നത്. നാലു ഘട്ടങ്ങളിലായാണ് ക്യാംപയിന്‍ നടക്കുക. ക്യാംപയിനിന്റെ ആദ്യഘട്ടമായി വിവിധ വകുപ്പുകളുടെ ഫീൽഡ് തല ഉദ്യോഗസ്ഥർക്കായി നിപ ബോധവത്ക്കരണ ശില്പശാല നടത്തി.
രണ്ടാംഘട്ടത്തിൽ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും സ്കൂള്‍ മേധാവികള്‍ക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുമായി സെമിനാർ സംഘടിപ്പിക്കും. മൂന്നാംഘട്ടമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ ഓഫീസർമാർ മുഖേന ബോധവൽക്കരണ പോസ്റ്റർ പ്രദർശിപ്പിക്കും. സ്കൂളുകളിൽ പ്രത്യേക ആരോഗ്യ അസംബ്ലികൾ സംഘടിപ്പിക്കുകയും പ്രതിരോധ പ്രതിജ്ഞ എടുക്കുകയും ചെയ്യും. നിപ ബോധവൽക്കരണത്തിനായി സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ചിത്രരചന മത്സരങ്ങൾ, പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തും.
നാലാം ഘട്ടത്തിൽ സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോധവത്കരണത്തിനായി ഗൃഹ സന്ദർശനം നടത്തും. വിവിധ വകുപ്പുകളുടെ ജില്ലാതല യോഗങ്ങൾ, ബ്ലോക്ക് തല യോഗങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ യോഗങ്ങൾ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ എന്നിവ വഴിയും ബോധവത്കരണ സന്ദേശം നല്‍കും.
വിവിധ വകുപ്പുകളിലെ ഫീൽഡ് തല ഉദ്യോഗസ്ഥർക്കായി നടന്ന നിപ ബോധവത്ക്കരണ ശില്പശാലയുടെ ഉദ്ഘാടനം മലപ്പുറം ഹോട്ടല്‍ സൂര്യ റിജന്‍സിയില്‍ ജില്ലാ കളക്ടർ വി.ആർ വിനോദ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അധ്യക്ഷത വഹിച്ചു. നിപ ബോധവത്ക്കരണ പോസ്റ്റർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.കെ രമേഷ് കുമാർ ഏറ്റുവാങ്ങി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. ബിന്ദു, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എം നൂന മർജ്ജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എന്‍ അനൂപ്, എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. വി. ഫിറോസ് ഖാൻ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, എപ്പിഡമോളജിസ്റ്റ് കിരൺ രാജ്, ആരോഗ്യ കേരളം കൺസൾട്ടൻ്റ് ഇ.ആര്‍ ദിവ്യ എന്നിവർ സംസാരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോഷ്യേറ്റ് പ്രൊഫസർ ഡോ. ടി.എസ് അനീഷ്, കോഴിക്കോട് ഫോറസ്റ്റ് ഡിവിഷനിലെ അസിസ്റ്റൻറ് വെറ്ററിനറി ഫോറസ്റ്റ് ഓഫീസർ ഡോ. അരുൺ സത്യൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.