മൊബൈലില്‍ റേഞ്ചും ഇല്ല, ഇന്റര്‍നെറ്റിന് വേഗതയുമില്ല ; നിയമ പോരാട്ടത്തിനൊടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ വിജയം നേടി മലപ്പുറം സ്വദേശി

മലപ്പുറം: മൊബൈലില്‍ റേഞ്ച് ഇല്ലാത്തതും ഇന്റര്‍നെറ്റ് വേഗതയില്ലാത്തതും പല തവണ പരാതി പറഞ്ഞിട്ടും പല തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ പരിഹാരം കണ്ടില്ല, ഒടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ്. വാഗ്ദാനം ചെയ്ത ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം കമ്പനി 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്.

പരാതിക്കാരന്‍ വര്‍ഷങ്ങളായി ജിയോ സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. കമ്പനി വാഗ്ദാന പ്രകാരം 5ജി ലഭിക്കുമെന്നാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയില്ലാത്തത് കാരണം യൂട്യുബര്‍ കൂടിയായ മുര്‍ഷിദിന് യൂട്യുബിലും മറ്റു സമൂഹ്യമാധ്യമങ്ങളിലും വീഡിയോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് പ്രയാസം നേരിട്ടിരുന്നു. കമ്പനിയുടെ ഇന്റര്‍നെറ്റ് സേവനം തൃപ്തികരമല്ലെന്നു കാണിച്ചു കഴിഞ്ഞ വര്‍ഷം ജൂണിലും ജൂലൈയിലുമായി 3 പരാതികള്‍ നല്‍കി. 299 ന്റെ പ്ലാന്‍ ആണ് ആദ്യം ചെയ്തിരുന്നത്, പിന്നീട് അത് 349 രൂപയായി നിരക്ക് കമ്പനി ഉയര്‍ത്തിയെങ്കിലും സേവനത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല.

വാഗ്ദാനം ചെയ്ത സേവനം ലഭിക്കാതായതോടെ കസ്റ്റമര്‍ കെയര്‍ വഴിയും ഇ മെയില്‍ വഴിയും കമ്പനിക്കു പരാതി നല്‍കി. 48 മണിക്കൂറിനകം പ്രശ്‌നം പരിഹരിക്കാമെന്നു മറുപടി ലഭിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് മേല്‍കാര്യങ്ങളെല്ലാം ചുണ്ടികാണിച്ച് പൊതുപ്രവര്‍ത്തകനും സ്വകാര്യ സ്‌കൂള്‍ അധ്യാപകനുമായി എം.ടി. മുര്‍ഷിദ് ഒരു വര്‍ഷം മുമ്പ് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

വക്കീലന്‍മാര്‍ ഉള്‍പ്പെടെ ഒരാളുടെയും സഹായമില്ലാതെ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലുവകള്‍ക്കായി 5,000 രൂപയും മൊബൈലില്‍ റീചാര്‍ജ് ചെയ്ത 349 രൂപയും ഉള്‍പ്പെടെ 15,349 രൂപ സ്വകാര്യ ടെലികോം കമ്പനി എം.ടി. മുര്‍ഷിദിന് നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചത്.

പരാതിയിലെ ആരോപണങ്ങള്‍ കമ്പനി തള്ളിയെങ്കിലും റീ ചാര്‍ജ് ചെയ്ത രേഖകളും ഇ മെയില്‍ നല്‍കിയ അപേക്ഷയും അതിന്റെ മറുപടിയും പരാതിക്കാരന്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കി. ഇതു പരിഗണിച്ചാണു 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവിലേക്കായി 5000 രൂപയും നല്‍കാന്‍ കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി.മുഹമ്മദ് ഇല്യാസ് എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ വിധിച്ചത്.

error: Content is protected !!