മലപ്പുറം : നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ഒറ്റക്കണ്ടത്തില്‍ പീടിയേക്കല്‍ വീട്ടില്‍ ഷംസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്. സുജിത്ത് ദാസ്. ഐപിഎസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഐപിഎസ് ആണ് ഉത്തരവിറക്കിയത്. വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് കഞ്ചാവുമായി പോലീസിന്റെ പിടിയിലായ ഇയാള്‍ മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്.
മഞ്ചേരി, എടവണ്ണ, കരുവാരകുണ്ട്, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസ്സുകളില്‍ പ്രതിയായ ഷംസുദ്ദീന്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരില്‍ പ്രധാനിയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടങ്കലിലാക്കി. 6 മാസത്തേക്കാണ് തടവ്.
ലഹരി മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ള 11 പേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും, 32 പേരെ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയും ചെയ്തിട്ടുണ്ട്.