ട്രെയിന്‍ വന്നിറങ്ങിയാല്‍ ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ട ; വാടകക്ക് ഇ – സ്‌കൂട്ടര്‍ ലഭിക്കും : ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് ഈ മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍

മലപ്പുറം : സ്ഥലം കാണാനെത്തുന്ന വിനോദസഞ്ചാരികളെയും സ്ഥലത്തെത്തി ട്രെയിനില്‍ തന്നെ മടങ്ങുന്ന യാത്രക്കാരെയും ലക്ഷ്യമിട്ട് പുത്തന്‍ പദ്ധതിയുമായി റെയില്‍വേ. ട്രെയിനില്‍ വന്നിറങ്ങി ലക്ഷ്യസ്ഥാനത്തു പോയി വരാന്‍ റെയില്‍വേ സ്റ്റേഷനില്‍ വാടകയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭിക്കുന്ന പദ്ധതിക്കാണ് മലപ്പുറം ജില്ലയില്‍ തുടക്കം കുറിക്കുന്നത്. ഇതോടെ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്ക് ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരില്ല. ജില്ലയില്‍ തിരൂര്‍, നിലമ്പൂര്‍, പരപ്പനങ്ങാടി സ്റ്റേഷനുകളിലാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇ – സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതി വരുന്നത്.

ആധാര്‍ കാര്‍ഡും ലൈസന്‍സുമുണ്ടെങ്കില്‍ ഈ മൂന്ന് റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നും വാടകക്ക് ഇ – സ്‌കൂട്ടര്‍ ലഭിക്കും. തിരൂരിലും നിലമ്പൂരിലും പരപ്പനങ്ങാടിയിലും വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാലാണ് തുടക്കത്തില്‍ ഈ സ്റ്റേഷനുകളില്‍ പദ്ധതി നടത്താന്‍ റെയില്‍വേ ഒരുങ്ങുന്നത്. സംരംഭകര്‍ക്ക് കരാര്‍ നല്‍കിയാണ് പദ്ധതി നടത്തുന്നത്. ഇതിനുവേണ്ട സ്ഥലം സ്റ്റേഷനുകളില്‍ റെയില്‍വേ അനുവദിക്കും. സ്‌കൂട്ടറുകളും മറ്റു സൗകര്യങ്ങളും സംരംഭകര്‍ തന്നെയാണ് ഒരുക്കേണ്ടത്. മണിക്കൂര്‍ നിരക്കിലായിരിക്കും വാടക ഈടാക്കുന്നത്. കൂടുതല്‍ ദിവസങ്ങള്‍ വേണമെങ്കില്‍ വാടകയുടെ കാര്യത്തിലും ഇളവുണ്ടാകും.

സെന്‍ട്രല്‍ റെയില്‍വേ പരീക്ഷിച്ചു വിജയിച്ച പദ്ധതി ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള തിരുവനന്തപുരം ഡിവിഷനിലും നിലവില്‍ നടത്തുന്നുണ്ട്. പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകളിലാണ് ആദ്യഘട്ടമായി ഇതു പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ പദ്ധതി ഉടന്‍ തുടങ്ങും. തുടര്‍ന്നായിരിക്കും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കുന്നത്. വിജയിച്ചാല്‍ കൂടുതല്‍ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും.

error: Content is protected !!