മലപ്പുറത്തെ അനിശ്ചിതകാല മദ്യനിരോധന സമരം നിയമസഭയിലെത്തിക്കും ; ഉറപ്പ് നല്‍കി വി.ഡി.സതീശന്‍

മലപ്പുറം: 6 മാസമായി മലപ്പുറത്ത് തുടരുന്ന അനിശ്ചിതകാല മദ്യനിരോധന സമര കാര്യം നിയമസഭയിലുന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സമര നേതാക്കള്‍ക്കുറപ്പ് നല്കി. ഡി.സി.സി.പ്രസിഡണ്ട് വി.എസ് ജോയിയും പാര്‍ട്ടി പ്രവര്‍ത്തകരുമായി സത്യാഗ്രഹ വേദിയിലെത്തി അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇളം തലമുറ ലഹരിയില്‍ വീഴാതിരിക്കാന്‍ പാഠ പുസ്തകങ്ങളില്‍ ലഹരി വിരുദ്ധ ഭാഗങ്ങള്‍ ചേര്‍ക്കണമെന്നും തദ്ദേശഭരണകൂടങ്ങളുടെ മദ്യ നിയന്ത്രണാധികാരം പുനസ്ഥാപിക്കണമെന്നുമുള്ള സമരാവശ്യം മിതവും ന്യായവുമാണെന്നു അദ്ദേഹം പ്രസ്താവിച്ചു. അനിയന്ത്രിതമായി മദ്യം വ്യാപിപ്പിക്കുകയും മറ്റു ലഹരി വര്‍ദ്ധനകള്‍ക്ക് മുമ്പില്‍ അനങ്ങാതെ നില്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നാടു തകര്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സത്യാഗ്രഹനേതാക്കള്‍ പ്രത്യഭിവാദ്യമര്‍പ്പിച്ചു.

നേരത്തെ 174-ാം ദിന സത്യാഗ്രഹം സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സമിതി സംസ്ഥാന സമിതി അംഗം മധുസൂദനന്‍, പത്മിനി ടീച്ചര്‍, എ പി ഹംസ്സ, വി പി കുഞ്ഞു, എന്നിവര്‍ സംസാരിച്ചു.

error: Content is protected !!