തിരൂരങ്ങാടി : അമിതവേഗതയിലും അശ്രദ്ധയിലും സ്‌കൂട്ടര്‍ ഓടിച്ച കുട്ടി റൈഡര്‍ തിരൂരങ്ങാടി പൊലീസിന്റെ പിടിയില്‍. സംഭവത്തില്‍ തിരൂരങ്ങാടി സ്വദേശിയായ മാതാവിനെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. തിരൂരങ്ങാടി പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശിയായ മാതാവിനെതിരെയാണ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 3.30 ഓടെ തിരൂങ്ങാടി എസ് ഐ കെകെ ബിജുവും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ലക്ഷ്മണനും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ചെമ്മാട് പരപ്പനങ്ങാടി പബ്ലിക് റോഡില്‍ പന്താരങ്ങാടിയില്‍ വെച്ച് ചെമ്മാട് ഭാഗത്തേക്ക് കുട്ടി റൈഡര്‍ സ്‌കൂട്ടര്‍ അശ്രദ്ധമായും അതിവേഗമായും ഓടിച്ചു വരുന്നതായി കണ്ടത്. ഇതോടെ വാഹനം നിര്‍ത്തിച്ച് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ആണ് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായത്. തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ പിതാവ് വിദേശത്താണെന്നും പൊലീസ് മനസിലാക്കി. ഇതോടെ വാഹനം മാതാവിന്റെ കൈവശമാണ് ഉള്ളതെന്നും ഇവരുടെ അറിവോടെയാണ് മകന്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്നും മനസിലായി.
തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് കുട്ടിയെ പറഞ്ഞയക്കുകയും ചെയ്തു. ഇതിനു പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് മാതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.