വള്ളിക്കുന്നില്‍ ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു ; പിതാവിന്റെ സ്മരണക്കായി മകന്‍ ഇഷ്ടദാനമായി നല്‍കിയത് 11 സെന്റ്, പദ്ധതിക്കായി ഫണ്ട് വകയിരുത്തി പഞ്ചായത്ത്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. പിതാവിന്റെ സ്മരണക്കായി മകന്‍ ഇഷ്ടദാനമായി സ്ഥലം വിട്ടു നല്‍കിയതോടെയാണ് ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകിയത്. ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കുന്നതിന് വേണ്ടി വള്ളിക്കുന്ന് വില്ലേജില്‍ കടലുണ്ടി നഗരം ഹിറോസ് നഗറില്‍ 11 സെന്റ് സ്ഥലം കിഴക്കിനിയകത്ത് ഹംസ നഹയുടെ പാവന സ്മരണയ്ക്ക് വേണ്ടി മകന്‍ അന്‍വര്‍ നഹ സൗജന്യമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് എ ഷൈലജ ടീച്ചര്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി ഹനീഫ, പി എം രാധാകൃഷ്ണന്‍, പുഷ്പ മൂന്നിച്ചിറയില്‍, വി ശ്രീനാഥ് എന്നിവര്‍ ഏറ്റുവാങ്ങി.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന 85 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. അവരെല്ലാം വിദ്യാഭ്യാസ ആവശ്യത്തിന് സമീപ ത്തുള്ള സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക്
ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നുണ്ടെങ്കിലും അവര്‍ക്ക് പഠിക്കാന്‍ ഒരു സ്‌കൂള്‍ എന്നത് വള്ളിക്കുന്നിലെ ഭിന്നശേഷിക്കാരുടെ ഏറെ കാലത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഭിന്നശേഷി കുട്ടികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കുക എന്നത് ഈ ചിരകാല സ്വപ്നമാണ് പൂവണിയാന്‍ പോകുന്നത്. വിദ്യാര്‍ത്ഥികളില്‍ നാല്പത്തഞ്ചോളം പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരും വൊക്കേഷണല്‍ ട്രെയിനിങ്ങിന് പരിശീലനത്തിന് പോകുന്നവരും ആണ്.

ബഡ്‌സ് സ്‌കൂള്‍ യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനകരമാകും.
ബഡ്‌സ് സ്‌കൂള്‍ ഇല്ലാത്ത സമീപ ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് സ്‌കൂളിലെ കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്ത് രൂപകല്പന ചെയ്തിട്ടുള്ളതെന്ന് അസ്റ്റിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍ വി വിബിന്‍ അറിയിച്ചു. സ്‌കൂള്‍ കെട്ടിടം ഉണ്ടാക്കുന്നതിനായി വാര്‍ഷിക പദ്ധതിയില്‍ 50 ലക്ഷം രൂപയാണ് തനത് ഫണ്ടില്‍ നിന്ന് വകയിരുത്തിയിട്ടുള്ളത്. പഠനത്തോടൊപ്പം സ്വയംതൊഴില്‍ പരിശീലനം നല്‍കി സമൂഹത്തില്‍ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് ബഡ്‌സ് സ്‌കൂളുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശശികുമാര്‍ അറിയിച്ചു.

error: Content is protected !!