തകര്‍ന്നു കിടക്കുന്ന നഴ്‌സറി – അറ്റത്തങ്ങാടി റോഡ് ഉടന്‍ പുനര്‍ നിര്‍മിക്കുക ; പരപ്പനങ്ങാടി നഗരസഭ ഭരണസമിതിയുടെ നിഷ്‌ക്രിയത്വത്തിനെതിരെ ജനകീയ പ്രക്ഷോഭവുമായി സിപിഐഎം

പരപ്പനങ്ങാടി : തകര്‍ന്നു കിടക്കുന്ന നഴ്‌സറി – അറ്റത്തങ്ങാടി റോഡ് ഉടന്‍ പുനര്‍ നിര്‍മിക്കുക, പരപ്പനങ്ങാടി നഗരസഭ ഭരണസമതിയുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐഎം അറ്റത്തങ്ങാടി, തിരിച്ചിലങ്ങാടി, നഴ്‌സറി ബ്രാഞ്ചുകള്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നവംബര്‍ 30 30 ശനിയാഴ്ച 4 മണിക്ക് തിരച്ചിലങ്ങാടി ജംഗ്ഷനില്‍ മൂന്നു ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നഴ്‌സറി അറ്റത്തങ്ങാടി റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. പരപ്പനങ്ങാടി നഗരസഭ ഭരണകൂടം കാണിക്കുന്ന നിഷ്‌ക്രിയത്വം കാരണമാണ് റോഡ് ഈ അവസ്ഥയില്‍ തുടരുന്നത്. നഴ്‌സറി അറ്റത്തങ്ങാടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയും പരപ്പനങ്ങാടി നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ ഈ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കുന്നതിന് വേണ്ടിയും ജനകീയ പ്രക്ഷോഭത്തിന് സിപിഐഎം അറ്റത്തങ്ങാടിതിരിച്ചിലങ്ങാടി നഴ്‌സറി ബ്രാഞ്ചുകള്‍ നേതൃത്വം നല്‍കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

നഴ്‌സറി അറ്റത്തങ്ങാടി റോഡ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ യാത്ര ചെയ്യുന്ന നഗരസഭയിലെ തന്നെ പ്രധാന റോഡുകളില്‍ ഒന്നാണ്. മണിക്കൂറില്‍ നൂറോളം വാഹനങ്ങള്‍ കടന്നുപോകുന്ന നഴ്‌സറി അറ്റത്തങ്ങാടി റോഡിനോട് ഭരണസമിതി അംഗങ്ങള്‍ നിസ്സംഗ മനോഭാവത്തോടുകൂടിയാണ് പെരുമാറുന്നതെന്നും പരപ്പനങ്ങാടി നഗരസഭ ഭരണാധികാരികളുടെ അവഗണനയും നിഷ്‌ക്രിയത്വവും അവസാനിപ്പിക്കേണ്ടതുണ്ടെന്നും അതിനു ശക്തമായ ജനകീയ പ്രക്ഷോഭം ആവശ്യമാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

2018 – 2019 വര്‍ഷത്തിലെ പ്രളയ ദുരന്തനിവാരണ ഫണ്ട് പ്രയോജനപ്പെടുത്തി നായാടിക്കുളം ചുറ്റുമതില്‍ കെട്ടാനും കുളത്തിനോട് ചാരെയുള്ള റോഡ് ഉയര്‍ത്താനും അരക്കിലോമീറ്ററോളം റീഡാറിങ് നടത്താനും സാധിച്ചിരുന്നു. സിപിഐഎമ്മിന്റെയും ഇരുപത്തിമൂന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ ആയിരുന്ന ആയിഷ ബീവിയുടെയും ഇടപെടലിന്റെ ഭാഗമായിരുന്നു അന്ന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതെന്നും സിപിഐഎം പറഞ്ഞു.

error: Content is protected !!