മലപ്പുറം : കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ രാജ്യത്ത് ഒന്നടങ്കം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണമാണെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ. മലപ്പുറത്ത് കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ലീഗ് സ്‌പെഷ്യല്‍ മീറ്റിംഗ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ ശുചിത്വ പാര്‍പ്പിട മേഖലകളില്‍ രാജ്യത്ത് ഒന്നടങ്കം ഒരേ മാനദണ്ഡ അടിസ്ഥാനത്തില്‍ പദ്ധതികള്‍ വരുന്നത് പലപ്പോഴും കേരളത്തിന് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ശുചിത്വ കാര്യങ്ങളിലും അടിസ്ഥാനവികസന കാര്യത്തിലും ഏറെ പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന അതേ മാതൃകയില്‍ കേരളം പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കുക അപ്രായോഗികമാണ്. രാജ്യത്ത് ഒന്നടങ്കം ഒരേ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പദ്ധതികള്‍ കൊണ്ടുവരുന്നത് മൂലമാണ് പലപ്പോഴും സംസ്ഥാനത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നഗരസഭകളില്‍ ഭരണാസമിതികള്‍ നിര്‍വഹിച്ചു വരുന്ന വ്യത്യസ്തവും നവീനവുമായ പദ്ധതികള്‍ ഏറെ മാതൃകാപരമാണ്. മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ വികസന സങ്കല്‍പ്പങ്ങളും ആധുനിക കാഴ്ചപ്പാടുകളും സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സാരമായി ബാധിച്ചു എന്നും വാര്‍ഷിക പദ്ധതിയുടെ പകുതി പിന്നിട്ടിട്ടും അലോട്ട്‌മെന്റുകള്‍ ലഭ്യമാകാത്തതുമൂലം വികസന സ്തംഭനമാണ് സംസ്ഥാനത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധൂര്‍ത്തും അമിതമായ ചെലവഴിക്കലും വഴി സംസ്ഥാന സര്‍ക്കാരിന് വന്നുചേര്‍ന്ന സാമ്പത്തിക ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നത് അന്യായമാണ്.
പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന്റെ അമിതമായി ഇടപെടല്‍ വര്‍ദ്ധിച്ചുവരുന്നത് പ്രതിഷേധാര്‍ഹമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ചെയര്‍മാന്‍സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് എന്‍ സി റസാക്ക് ഫറോക്ക് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ മുജീബ് കാടേരി (മലപ്പുറം, ) കെ പി മുഹമ്മദ് കുട്ടി (തിരൂരങ്ങാടി) അഷ്‌റഫ് അമ്പലത്തിങല്‍ (വളാഞ്ചേരി), പി പി ഷംസുദ്ദീന്‍ (താനൂര്‍), എ ഉസ്മാന്‍ (പരപ്പനങ്ങാടി), വള്ളറ അബ്ദു (കൊടുവള്ളി), ബുഷ്‌റ ഷെബീര്‍ (കോട്ടക്കല്‍), വി എം സുബൈദ (മഞ്ചേരി),സി ടി ഫാത്തിമ സുഹ്‌റാബി (കൊണ്ടോട്ടി), മുര്‍ഷിദ കോങ്ങായി (തളിപ്പറമ്പ്), ബുഷ്‌റ റഫീക്ക് (രാമനാട്ടുകര) എന്നിവര്‍ പ്രസംഗിച്ചു.