Saturday, July 12

‘കൈ’ വിട്ട് പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ; പ്രകാശ് ജാവദേക്കറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

ദില്ലി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. നാളെ തിരുവനന്തപുരത്ത് എത്തും

തുടര്‍ച്ചയായ അവഗണനയില്‍ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ പ്രതികരിച്ചത്. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ പരാജയപ്പെട്ടിരുന്നു.

ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുമ്പോഴും ഗവര്‍ണ്ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് സൂചന. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്. ചാലക്കുടിയില്‍ പദ്മജ മത്സരിക്കുകയാണെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കിയേക്കും.

error: Content is protected !!