നിയമം കടുപ്പിക്കുന്നു ; 18 വയസിനു താഴെയുള്ളവര്‍ വാഹനം ഓടിച്ചു പിടിച്ചാല്‍ ഇനി കര്‍ശന നടപടി നേരിടേണ്ടിവരും

കോഴിക്കോട് : 18 വയസിനു താഴെയുള്ളവര്‍ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാല്‍ ഇനി കര്‍ശന നടപടി നേരിടേണ്ടിവരും. മോട്ടോര്‍ വാഹന വകുപ്പ് ജുവനൈല്‍ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടു നടപ്പാക്കിയ നിയമ നടപടിക്രമം വാഹന വകുപ്പിന്റെ ‘പരിവാഹന്‍’ വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രാബല്യത്തിലായി. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ പിന്നീട് 25 വയസ്സിനു ശേഷമേ ലേണേഴ്‌സ് ലൈസന്‍സും ഡ്രൈവിങ് ലൈസന്‍സും ലഭിക്കുകയുള്ളു. കേന്ദ്ര മോട്ടോര്‍ വാഹന വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ നടപ്പാക്കി.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ ആ വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസന്‍സോ ലേണേഴ്‌സ് ലൈസന്‍സോ അനുവദിക്കാന്‍ പാടില്ലെന്നാണ് പരിഷ്‌കരിച്ച നിയമത്തില്‍ പറയുന്നത്. 2021 ല്‍ പരിഷ്‌കരിച്ച നിയമ പ്രകാരം ജുവനൈല്‍ കുറ്റകൃത്യം നടന്നാല്‍ പൊലീസോ എംവിഡിയോ കുട്ടിക്കെതിരെ നിയമ നടപടിയെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ നടപടിക്രമം ഉള്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം നടപടിയില്‍ ഉള്‍പ്പെട്ടവര്‍ സംസ്ഥാനത്തു നിന്നോ, ഇതര സംസ്ഥാനത്തു നിന്നോ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ വന്നതോടെ നിയമ നടപടിയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ഇന്ത്യയില്‍ ഒരു സ്ഥലത്തു നിന്നും ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ കഴിയില്ല.

ജുവനൈല്‍ കുറ്റകൃത്യം നടന്നാല്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനു 25,000 രൂപ വരെ പിഴശിക്ഷ ലഭിക്കും. മാത്രമല്ല രക്ഷിതാവിനു പരമാവധി 3 വര്‍ഷം വരെ തടവുശിക്ഷയും 25,000 രൂപ പിഴ വേറെയും ലഭിക്കും. നിയമ ലംഘനം നടത്തിയതിനു 12 മാസത്തേക്കു വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കും. 2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്കു ശിക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നാണു നിയമം.

error: Content is protected !!