മലപ്പുറം : തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമം തനി കാടത്തവും, ക്രൂരവും,ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ.പി.സി.സി അദ്ധ്യക്ഷന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളിരിക്കുന്ന വേദിയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരിക്കെ ടിയര്‍ ഗ്യാസും, ജലപീരങ്കിയും പ്രയോഗിച്ച പോലീസിന്റെ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
പോലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യുമെന്നും നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ ശക്തമായി നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് വിഡി സതാശന്‍ വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ടിയര്‍ ഗ്യാസും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കാണിച്ചത് കിരാത നടപടിയാമെന്ന് വിഡി സതീശന്‍ പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് പിന്‍മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശന്‍ പറഞ്ഞു.