പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സമരം ശക്തമാക്കി എംഎസ്എഫ്, ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം ; എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്തിരിക്കുമ്പോഴും സര്‍ക്കാര്‍ തുടരുന്ന നിസംഗതക്കെതിരെ സമരം ശക്തമാക്കി എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. അനിശ്ചിതകാല സമരത്തിന്റെ മൂന്നാം ദിവസം ഏഴ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

തുടര്‍പഠന യോഗ്യത നേടിയ 32410 വിദ്യാര്‍ഥികള്‍ പഠനാവസരമില്ലാതെ പുറത്തായിട്ടും കള്ളക്കണക്ക് നിരത്തുന്ന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനനുവദിക്കാതെ തടഞ്ഞു. എന്നാല്‍ പോലീസ് പ്രതിരോധം മറികടന്ന് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍വരെയെത്തിയ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, സെക്രട്ടറി ഫര്‍ഹാന്‍ ബിയ്യം, വിങ് കണ്‍വീനര്‍ മബ്റൂഖ് കോട്ടക്കല്‍, സംസ്ഥാന കമ്മിറ്റിയംഗം എം ഷാക്കിര്‍, മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി ആസിഫ് കൂരി, സെക്രട്ടറി ശാഫി മങ്കട, വിങ് കണ്‍വീനര്‍ മുസ്തഫ മീനാര്‍കുഴി എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പോലീസ് അതിക്രിയകള്‍ക്കും അറസ്റ്റിനും സമരവീര്യം തണുപ്പിക്കാനാവില്ലെന്നും തുടര്‍പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും കബീര്‍ മുതുപറമ്പ് പറഞ്ഞു.
ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ശക്തമായ സമരം നടത്തുമെന്ന് എം.എസ്.എഫ് അറിയിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്്ച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ നേതൃത്വത്തില്‍ ആര്‍.ഡി.ഡി ഓഫീസ് പൂട്ടിയിട്ടാണ് എം.എസ്.എഫ് സമരം ശക്തമാക്കിയത്. അന്ന് 10 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

error: Content is protected !!