പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; ആര്‍.ഡി.ഡി ഓഫീസ് പൂട്ടിയിടല്‍ സമരം ശക്തമാക്കി എം.എസ്.എഫ്, നാലാം ദിവസവും നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റില്‍

മലപ്പുറം: ഹയര്‍സെക്കന്ററി മേഖലയിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കുക, അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുക, മലപ്പുറം ജില്ലയോടുള്ള ഇടതുസര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എംഎസ്എഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരങ്ങള്‍ തുടരുന്നു. ആര്‍.ഡി.ഡി ഓഫീസ് പൂട്ടിയിടല്‍ സമരം നാലാം ദിവസവും തുടര്‍ന്നു. ഇന്നലെ 10 മണിയോടെ ഓഫീസിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തര്‍ ഓഫീസ് പൂട്ടിയിട്ടു. ഇവരെ തടയാന്‍ പോലീസുമെത്തിയതോടെ നേരിയ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിന്റെ നേതൃത്വത്തിലാണ് ഇന്നലെ സമരം അരങ്ങേറിയത്. ജില്ലാ വിംഗ് കണ്‍വീനര്‍ മബ്റൂഖ് കോട്ടക്കല്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് എന്‍.കെ.നിഷാദ് ചേറൂര്‍,ജനറല്‍ സെക്രട്ടറി സല്‍മാന്‍ കടമ്പോട്ട്,ഭാരവാഹികളായ ആബിദ് കൂന്തള,പി.കെ മബഷിര്‍,ആഷിഖ് കാവുങ്ങല്‍,സക്കീര്‍ കെ.പി.,ശഫീഖ് കെ.പി.,ജാനിഷ് ബാബു ഇ.കെ എന്നിവരാണ് അറസ്റ്റിലായത്. എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് വെള്ളിയാഴ്ച്ച നടന്ന സമരവുമായി ബന്ധപ്പെട്ട് റിമാന്റിലാണ്.

സമരം ശക്തമായി തുടരുമെന്നും കുട്ടികള്‍ക്ക് നീതി ലഭിക്കുന്നത് പോരാട്ട രംഗത്ത് എംഎസ്എഫ് ഉണ്ടാകുമെന്നും പ്രസിഡന്റ് കബീര്‍ മുതുപറമ്പ് പറഞ്ഞു. നിരവധി വിദ്യാര്‍ത്ഥികള്‍ പുറത്തിരിക്കുമ്പോഴും മന്ത്രി തന്റെ പഴയ കണക്കുമായി ഇന്നും വന്നിരിക്കുകയാണ്. അദ്ദേഹത്തിന് എവിടെ നിന്നാണ് കണക്ക് കിട്ടുന്നത് എന്ന് വ്യക്തമാക്കണം. മലപ്പുറം ജില്ലയിലെ കുട്ടികളോട് ഇടതു സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതക്ക് തെറ്റായ കണക്ക് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. അവര്‍ക്കെതിരെ കൂടി സമരം ശക്തമാക്കുമെന്നും അറസ്റ്റ് കൊണ്ട് എംഎസ്എഫിന്റെ വീര്യം കെടുത്താനാവില്ലെന്നും കബീര്‍ മുതുപറമ്പ് പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നത് വരെ സമരം ശക്തമാതി തുടരാന്‍ തന്നെയാണ് എംഎസ്എഫ് സമരം. തിങ്കളാഴ്ച്ച മുതല്‍ ആര്‍.ഡി.ഡി ഓഫീസ് പൂട്ടിയിടല്‍ സമരം തുടരും.

error: Content is protected !!