സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

ബെംഗളൂരു : സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്‌സോ കേസ്. ബെംഗളൂരു സദാശിവനഗര്‍ പൊലീസാണ് കേസെടുത്തത്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിലാണ് മുതിര്‍ന്ന ബിജെപി നേതാവിനെതിരെ കേസെടുത്തത്. അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. സഹായം തേടി മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഇവരെ കണ്ട ശേഷം, മുതിര്‍ന്ന ബിജെപി നേതാവ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയെത്തിയ പെണ്‍കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞു.

യെദ്യൂരപ്പയ്‌ക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ സാധിക്കൂ. പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം പരാതിക്കാരിയുടെ ആരോപണം യെഡിയൂരപ്പയുടെ ഓഫിസ് തള്ളി. പരാതിക്കാരി മുന്‍പും പലവിധത്തിലുള്ള 53 പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പരാതി വ്യാജമാണെന്നും യെഡിയൂരപ്പയുടെ ഓഫിസ് വിശദീകരിച്ചു.

error: Content is protected !!