കണ്ണൂര്‍: ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. റെയില്‍വെ ട്രാക്കിലൂടെ കണ്ണൂരില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് ഗട്ടന്‍ വളപ്പിലെ ആസിഫിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. പകല്‍ സമയത്താണ് കവര്‍ച്ചകള്‍ എന്നതാണ് ആസിഫിന്റെ പ്രത്യേകത. പൂട്ടിയിട്ട വീടുകളാണ് ലക്ഷ്യം. പഴയങ്ങാടി, ചീമേനി, ചന്ദേര, കാസര്‍കോട് സ്റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരെ കേസുണ്ട്.
തൃശ്ശൂരിലെ അതി സുരക്ഷാ ജയിലിലെ ആറ് മാസത്തെ കാപ്പ തടവിന് ശേഷം ഈ മാസം 16നാണ് ആസിഫ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി ഒരാഴ്ചക്കുളളില്‍ കണ്ണൂരില്‍ രണ്ട് വീടുകളിലാണ് ആസിഫ് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച പാപ്പിനിശ്ശേരിയിലും ഞായറാഴ്ച പളളിക്കുന്നിലുമാണ് പ്രതി മോഷണം നടത്തിയത്. പാപ്പിനിശ്ശേരിയില്‍ നിന്ന് 11 പവനും, പളളിക്കുന്നില്‍ റിട്ടയേഡ് ബാങ്ക് മാനേജരുടെ വീട്ടില്‍ നിന്ന് 19 പവന്‍ സ്വര്‍ണവുമാണ് ആസിഫ് കവര്‍ന്നത്. വിലപിടിച്ച വാച്ചുകളും മോഷ്ടിച്ചു.
സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളമാണ് നിര്‍ണായകമായത്. കെ 9 സ്‌ക്വാഡിലെ റിക്കി എന്ന നായയുടെ സഹായത്തോടെ പ്രതി സഞ്ചരിച്ച വഴി കണ്ടെത്തി. നിലേശ്വരത്ത് വച്ച് പൊലീസിനെ കണ്ടപ്പോള്‍ സമീപത്തെ റെയില്‍പാളത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് ടൗണ്‍ പൊലീസ് പിടികൂടി.