സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു

തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. തെന്നല പഞ്ചായത്ത് മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പൊതുയോഗത്തില്‍ കോവിഡ് നിയമം ലംഘിച്ച് 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പൊതു സമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ച പരിപാടിക്കാണ് ഉച്ചഭാഷിണിയും കോവിഡ് മാനദണ്ഡവും പറഞ്ഞ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി മൊയ്തീന്‍, പി.കെ റസാഖ്, സിദ്ധീഖ് ഫൈസി ഷേക്ക്, സിദ്ധീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെ കെ.ഇ.ഡി ആക്ട് 4(2)(ഇ), 4(2)(ജെ), 3(ഇ), കെ.പി ആക്ട് 211 77ബി, 121 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതോടപ്പം കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമദ് പൂക്കോട്ടൂർ മൂന്നാം പ്രതി ആയാണ് കേസ് എടുത്തിട്ടുള്ളത്. അതേ സമയം ഉദ്ഘാടകൻ ആയിരുന്ന ഇ. ടി . മുഹമ്മദ് ബഷീർ എം പി യെ പ്രതി ചേർത്തിട്ടുമില്ല.

5-ന് വൈകീട്ട് 7.45-ന് പൂക്കിപറമ്പ് വെച്ച് ന്യൂനപക്ഷാവകാശ സംരക്ഷണ സമിതിയിലെ അംഗങ്ങളായ 1 മുതല്‍ 12 വരെയുള്ള പ്രതികളുടെ നേതൃത്വത്തില്‍ സാമൂഹിക അകലം പാലിക്കാതെ 200 ഓളം പേരെ പങ്കെടുപ്പിച്ച് വഖഫ് നിയമം പി.എസ്.സിക്ക് വിടുന്നതിനെതിരെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി എസ്.ഐ പ്രിയന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

എന്നാൽ സി പി എം, ഡി വൈ എഫ് ഐ എന്നിവയുടെ നേതൃത്വത്തിൽ തെന്നലയിൽ തന്നെ പരിപാടികൾ നടത്തിയിട്ടും കേസ് എടുത്തില്ലെന്ന് ലീഗ് ആരോപിക്കുന്നു. തിരൂരങ്ങാടി പോലിസുമായി യൂത്ത് ലീഗ് ശീത സമരത്തിലാണ്. ഈ മാസം 10 ന് പോലീസ് സ്റ്റേഷൻ മാര്ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് പുതിയ സംഭവവും ഉണ്ടായിട്ടുള്ളത്.

error: Content is protected !!