കോഴിക്കോട് : വിവാദ കൈവെട്ട് പരാമര്‍ശത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്. ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഷൈനു പരാതി നല്‍കിയത്.
എസ്‌കെഎസ്എസ്എഫ് മുപ്പത്തഞ്ചാം വാര്‍ഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. സമസ്തയോടല്ലാതെ മറ്റാരോടും കടപ്പാടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേല്‍പ്പിക്കാനും ആര് വന്നാലും ആ കൈകള്‍ വെട്ടാന്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകന്മാര്‍ ഉണ്ടാകുമെന്നായിരുന്നു പ്രസംഗം.
ഈ പരാമര്‍ശം പ്രകോപനപരവും രാജ്യത്തിന്റെ ഭരണഘടനയെയും നിലനില്‍ക്കുന്ന നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുകന്നതും സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് സാമൂഹിക സമാധനത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണി ഉയര്‍ത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു.