മലപ്പുറം: കേരള ബാങ്ക് ഭരണസമിതിയില്‍ അംഗമായ മുസ്ലിം ലീഗ് എംഎല്‍എ പി.അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും പാര്‍ട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍. എംഎല്‍എ പാര്‍ട്ടിയെ വഞ്ചിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, ലീഗ് ഓഫീസിന് മുന്നില്‍ പതിപ്പിച്ച പോസ്റ്റര്‍ ഓഫീസ് സ്റ്റാഫ് കീറിമാറ്റുകയായിരുന്നു.
വള്ളിക്കുന്ന് എംഎല്‍എയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.അബ്ദുല്‍ ഹമീദിനു ഭരണസമിതിയില്‍ ചേരാന്‍ ലീഗ് സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിരുന്നു. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സിപിഎം നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ ഫലമാണ് അബ്ദുല്‍ ഹമീദിന്റെ കേരള ബാങ്ക് ഭരണസമിതി അംഗത്വത്തിനുള്ള നാമനിര്‍ദേശം.
നിലവില്‍ മലപ്പുറം ജില്ലയിലെ പട്ടിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് അബ്ദുല്‍ ഹമീദ്. സിപിഎമ്മിന്റെ മുതിര്‍ന്ന സഹകാരികളെ അടക്കം മറികടന്നാണ് അബ്ദുല്‍ ഹമീദിന്റെ നാമനിര്‍ദേശം. ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റായ കേരള ബാങ്ക് ഭരണസമിതിയില്‍ നിലവില്‍ സിപിഎം നേതാക്കളോ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളോ മാത്രമാണ് ഉള്ളത്. ആദ്യമായാണു യുഡിഎഫ് കക്ഷികളില്‍ പെട്ട ഒരു സഹകാരി ഭരണസമിതിയില്‍ എത്തുന്നത്.
വിവാദം കത്തുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി പികെ ബഷീര്‍ എംഎല്‍എ രംഗത്തെത്തി. സഹകരണം സഹകരണ മേഖലയില്‍ മാത്രമെന്ന് പികെ ബഷീര്‍ എംഎല്‍എ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിന്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് എം എല്‍ എ അംഗമായിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കിയത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം ഉണ്ടായത്.