നന്നമ്പ്രയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 6ന്; പ്രസിഡന്റിനെ തീരുമാനമായില്ല

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂൺ 6നു നടക്കും, ആളെ കണ്ടെത്താനാകാതെ ലീഗ് നേതൃത്വം. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം 6നു രാവിലെ 11നു നടക്കുമെന്നാണു വരണാധികാരിയായ അഡീഷനൽ തഹസിൽദാർ അംഗങ്ങളെ അറിയിച്ചിരിക്കുന്നത്.

എന്നാൽ, പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനു വാർഡ് കമ്മിറ്റികളുടെ അഭിപ്രായം അറിയാനായി വിളിച്ചുചേർത്ത യോഗം ഒരു വിഭാഗം ബഹിഷ്കരിച്ചു. 21 വാർഡ് കമ്മിറ്റികളിൽ 14 കമ്മിറ്റികൾ മാത്രമാണ് അഭിപ്രായം അറിയിച്ചത്. നിലവിലെ പ്രസിഡന്റിനെ രാജിവയ്പ്പിച്ചതിൽ പ്രതിഷേധിച്ച് 21 –ാം വാർഡ് കമ്മിറ്റി പിരിച്ചു വിട്ടിരിക്കുകയാണ്. 6 –ാം വാർഡ് അംഗം എ.കെ.സൗദ മരക്കാരുട്ടി, 7 –ാം വാർഡ് അംഗം എ.റഹിയാനത്ത്, 19 –ാം വാർഡ് അംഗം പി.തസ‍്‍ലീന ഷാജി എന്നിവരാണു പരിഗണനയിലുള്ളത്. പ്രാദേശിക വാദം അംഗീകരിച്ചാൽ തസ്‍ലീന ഷാജിയെ തിരഞ്ഞെടുത്തേക്കും.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചവരിൽ ഒരാളാണു തസ്‍ലിന. നിലവിലെ പ്രസിഡന്റിനെ മാറ്റാത്തതിൽ പ്രതിഷേധിച്ചു മുൻപ് തസ്‍ലീന പഞ്ചായത്ത് കമ്മിറ്റിക്ക് രാജി നൽകിയിരുന്നു. എന്നാൽ മുൻ പ്രസിഡന്റിനെ അനുകൂലിക്കുന്നവർ തസ്‍ലീനയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതിനാൽ തസ്‍ലീനക്ക് സാധ്യതയേറെയാണ്.

അതേസമയം, ഹിതപരിശോധനയിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുന്നയാളെ പിന്തുണയ്ക്കാമെന്നാണത്രേ മിക്ക വാർഡ് കമ്മിറ്റികളും അഭിപ്രായം അറിയിച്ചത്. പ്രാദേശികമായി നൽകാതെ കഴിവുള്ളവരെ സ്ഥാനത്തേക്കു തിരഞ്ഞെടുക്കണമെന്നും വാർഡ് കമ്മിറ്റികൾ ആവശ്യപ്പെട്ടതായാണു വിവരം. പഞ്ചായത്ത് പ്രവർത്തക സമിതി യോഗം വിളിച്ചു തീരുമാനം എടുക്കണമെന്നാണു മുൻ പ്രസിഡന്റിനെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നത്. പ്രസിഡന്റിനെ മാറ്റാൻ തീരുമാനിച്ച കാര്യം ഇതിൽ അറിയിക്കണമെന്നും ഇവർ പറയുന്നു. ഈ ആവശ്യമുന്നയിച്ച് ജില്ലാ നേതൃത്വത്തെ കാണാനാണ് ഇവരുടെ തീരുമാനം. അതേ സമയം വാർഡ് കമ്മിറ്റികൾ, പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ അഭിപ്രായങ്ങൾ കേട്ട ശേഷം പഞ്ചായത്ത് വർക്കിങ് കമ്മിറ്റി വിളിക്കുമെന്നാണ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. തീരുമാനം സുതാര്യമാക്കുന്നതിനായി കൂടുതൽ ആളുകൾക്ക് അഭിപ്രായം അറിയിക്കാൻ സൗകര്യമൊരുക്കുകയാണെന്നും ഇവർ പറഞ്ഞു. അതേ സമയം ലീഗിൽ തർക്കങ്ങൾ ഉണ്ടെന്നു വരുത്തി തീർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി ലീഗ് പ്രവർത്തകർ പറയുന്നു. നിലവിലെ പഞ്ചായത്ത് കമ്മിറ്റിയെ കൂടുതൽ കാലം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സ്ഥാനം നഷ്ടപ്പെട്ട മുൻ കമ്മിറ്റിയിലെ ചിലർ വെല്ലുവിളിച്ചിരുന്നത്രെ. ഇതിന്റെ ഭാഗമായാണ് നിലവിലെ പഞ്ചായത്ത് കമ്മിറ്റിയെ അംഗീകരിക്കാതെയുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവർത്തനം എന്നും ഇവർ ആരോപിക്കുന്നു. വിഭാഗീയത ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഈ വിഭാഗത്തിൽ പെട്ടവർ പ്രസിഡന്റ് സ്ഥാനത്തേക്ക് വ്യത്യസ്ത ആളുകളുടെ പേരുകൾ നിർദേശിച്ച് തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നതായും പറയുന്നു. മുൻ ഭാരവാഹികളുടെ കാലത്ത് പ്രവർത്തക സമിതിയോ ചർച്ചയോ കൂടാതെ ഏതാനും ഭാരവാഹികൾ മാത്രം കൂടിയിരുന്നു തീരുമാനം എടുക്കുകയായിരുന്നെന്നും ഇവർ ആരോപിച്ചു. എന്നാൽ തങ്ങൾ പരാതി ഇല്ലാതിരിക്കാനാണ് വാർഡ് കമ്മിറ്റികൾക്കും വാർഡ് മെമ്പര്മാര്ക്കും അവസരം നൽകിയത് എന്നും ഇവർ പറയുന്നു.

അതേസമയം, മുതിർന്ന നേതാക്കളെ പരിഗണിക്കാതെയാണ് നിലവിലെ ലീഗ് കമ്മിറ്റിയുടെ പ്രവർത്തനം എന്നാണ് മുൻ കമ്മിറ്റിയെ അനുകൂലിക്കുന്നവർ പറയുന്നത്. മുൻ കമ്മിറ്റിയിലെ ചിലരെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താൻ പറഞ്ഞിട്ടും അതിന് തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു. മാത്രമല്ല, പഞ്ചായത്ത് ലീഗ് പ്രസിഡന്റിന്റെ സ്വന്തം വാർഡിലെ മെമ്പറെ പ്രസിഡന്റ് ആക്കാനാണ് നിലവിലെ പ്രസിഡന്റിനെ രാജി വെപ്പിച്ചത്. കുറച്ചു കാലമായി നിലവിലെ പ്രസിഡന്റിനെ സ്വസ്ഥമായി ഭരിക്കാൻ പിന്തുണ നൽകിയില്ല. ലീഗിലെ മറ്റു പഞ്ചായത്ത് അംഗങ്ങളുടെ പിന്തുണ നൽകിയില്ല. പ്രെസിഡന്റിനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ചിലർ നടത്തിയത് പ്രതിരോധിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ല എന്നും ഇവർ പറയുന്നു. എന്നാൽ നിലവിലെ പ്രെസിഡന്റിനെതിരെ മുൻ കമ്മിറ്റിയുടെ കാലത്ത് തന്നെ പരാതി ഉണ്ടായതിനാൽ നിരവധി തവണ താക്കീത് നല്കിയിരുന്നെന്നും ഇനിയും ആവർത്തിച്ചാൽ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും മുന്നറിയിപ്പ് നല്കിയിരുന്നെന്നു നിലവിലെ കമ്മിറ്റിയുടെ അനുകൂലികൾ പറയുന്നു. മാത്രമല്ല, പഞ്ചായത്ത് കമ്മിറ്റി ഐക്യഖണ്ഡേനയാണ് പ്രസിഡന്റിനെ മാറ്റാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കമ്മിറ്റിയിലെ മുൻ ഭാരവാഹികളുടെ അനുകൂലികളെ പിടിച്ചാണ് പിന്നീട് തർക്കമുണ്ടാക്കിയത്. മുൻ കമ്മിറ്റിയിലുള്ളവരും അവരുടെ അനുകൂലികളായ നിലവിലെ കമ്മിറ്റി ഭാരവാഹികളും പ്രസിഡന്റിനെ മാറ്റുന്നതിനെ എതിർത്തിട്ടില്ലെന്നും പാര്ലമെന്റ് ഇലക്ഷൻ കഴിഞ്ഞ ശേഷം മാറ്റിയാൽ മതി എന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നും ഇവർ പറഞ്ഞു. പ്രസിഡന്റിനെ മാറ്റിയത് ഇപ്പോൾ അറിയില്ലെന്ന് പറഞ്ഞവർ, നേതൃത്വത്തെ ഇക്കാര്യം എന്ത് കൊണ്ട് ബോധ്യപ്പെടുത്തിയില്ലെന്നും ഇവർ ചോദിക്കുന്നു. എന്നാൽ മുൻ ധാരണ ഇല്ലായിരുന്നെന്നും പ്രസിഡന്റിനെ മാറ്റേണ്ടിയിരുന്നില്ലെന്നുമാണ് മുൻ ഭാരവാഹികളുടെ അനുകൂലികൾ പറയുന്നത്. ഇരു കൂട്ടരും തർക്കമായതോടെ പ്രസിഡന്റിനെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. ഈ മാസം അവസാനത്തോടെ തീരുമാനം ആകുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.

21 വാർഡുകളിൽ ലീഗിന് 12, കോൺഗ്രസ് 5, വെൽഫെയർ 1, എൽഡിഎഫ് 1, ബിജെപി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില.

error: Content is protected !!