
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും. ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങിയശേഷം നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ?ഗതാ?ഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.
ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ലാന്‍ഡ് ചെയ്യും. ഇന്ന് രാത്രി പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങും. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി തുറമുഖത്തെത്തും. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം കാണും. കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് എംഎസ് സിയുടെ കൂറ്റന്‍ കപ്പല്‍ സെലസ്റ്റീനോ മരെസ്‌ക എന്ന കപ്പല്‍ വിഴിഞ്ഞത് എത്തും.
നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ് ചടങ്ങ്. തുറമുഖ കവാടത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ.റഹിം, എം.വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കുന്നില്ല. 10,000 പേര്‍ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുക്ക് കനത്ത സുരക്ഷാവലയത്തിലാണ് വിഴിഞ്ഞം. കരയിലും കടലിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.