ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ഓരോ തലങ്ങളിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ സുതാര്യമായിരിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച പൊതു നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍മാരുടെയും ഉപ വരണാധികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് പൊതു നിരീക്ഷകരായ അവദേശ് കുമാര്‍ തിവാരി, പുല്‍കിത് ആര്‍.ആര്‍ ഖരേ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ യോഗം ചേര്‍ന്നത്.
പൊതുജനങ്ങളില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ ഇടയാകരുത്. ഉദ്യോഗസ്ഥര്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കതീതമായാണ് തിരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെടേണ്ടത്. സുതാര്യമായ പ്രവർത്തനം കാഴ്ച വെക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇട നല്‍കാതിരിക്കുന്നതിന് കൂടി ശ്രദ്ധിക്കണം.
ഉപവരണാധികാരികൾ അവരുടെ നിയോജക മണ്ഡലങ്ങളിലെയും ബൂത്തുകളിലെയും ഒരുക്കങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ സ്‌ക്വാഡുകളുടെയും സേനകളുടെയും പ്രവര്‍ത്തനവും യോഗത്തില്‍ വിലയിരുത്തി. വിവിധ ചുമതലകള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസര്‍മാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷരെ ബോധ്യപ്പെടുത്തി. വിവിധ മേഖലകളില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഡി.വൈ.എസ്.പിമാരില്‍ നിന്നും നിരീക്ഷകര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സബ് കളക്ടര്‍മാരായ സച്ചിന്‍ കുമാര്‍ യാദവ്, അപൂര്‍വ ത്രിപാദി, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ കെ. മണികണ്ഠന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ഉപവരണാധികാരികൾ, നോഡൽ ഓഫീസർമാർ, ഡി.വൈ.എസ്.പിമാർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.