രക്ഷാപ്രവര്‍ത്തനം വൈകി ; കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്

മലപ്പുറം: അരീക്കോട് കൂരംകല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയതിന് ഉന്നത നിര്‍ദേശപ്രകാരം കേസെടുത്ത് വനംവകുപ്പ്. കേസില്‍ നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. ഈ മാസം 23ന് പുലര്‍ച്ചെ ഒരുമണിക്കാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിന്റ കിണറ്റില്‍ ആന വീണത്. ജനവാസ മേഖലയിലെ കിണറില്‍ വീണ കാട്ടാനയെ രക്ഷിച്ചത് മണിക്കൂറുകള്‍ എടുത്താണ്.

കാടിറങ്ങിവന്ന രണ്ട് ആനകളെ നാട്ടുകാര്‍ വിരട്ടിയോടിക്കുന്നതിനിടെയാണ് സ്ഥിരം ശല്യക്കാരനായ കൊമ്പന്‍ കിണറ്റില്‍ വീണത്. 23ന് രാവിലെ ആനയെ രക്ഷിക്കാനായി വനം വകുപ്പ് ശ്രമം തുടങ്ങിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദൗത്യം നീണ്ടു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ ത്രിപാഠി, ഏറനാട് തഹസില്‍ദാര്‍ മണികണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ഏറെനേരം ചര്‍ച്ച നടത്തിയതിന് ശേഷമാണ് രാത്രി എട്ട് മണിയോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

മണ്ണുമാന്തി യന്ത്രം എത്തിച്ച് കിണറിടിച്ച് ആനക്ക് വഴിയൊരുക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 20 മണിക്കൂറിലധികം സമയം കിണറില്‍പെട്ട ആന ക്ഷീണിതനായിരുന്നു. അതുകൊണ്ടുതന്നെ കിണറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. ആനയെ രക്ഷപ്പെടുത്തിയശേഷം ടി ഡി ആര്‍ എഫിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ച് ഉള്‍വനത്തിലേക്ക് അയക്കുന്നതിന് വയനാട്ടില്‍ നിന്നും കുങ്കിയാനകളെ എത്തിക്കാമെന്ന ജില്ലാ നോര്‍ത്ത് വനം വകുപ്പ് ഓഫീസറുടെ ഉറപ്പിലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.

error: Content is protected !!