
തേഞ്ഞിപ്പലം : പരിമിതികളെ അതിജീവിച്ചു കൊണ്ടാണ് സബീനയും ഹിദാഷും ബിരുദം സ്വന്തമാക്കിയത്. ഈ ബിരുദ നേട്ടത്തിന് അതിനാല്‍ തന്നെ മിന്നുന്ന തിളക്കുവുമാണ്. ലക്ഷദ്വീപ് അമ്മിനി സ്വദേശിയായ സബീന ഖാലിദ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിഭാഗം വഴിയാണ് ബി.എ. ഇക്കണോമിക്സ് ബിരുദം നേടിയത്. വേദിയിലെ മിന്നുന്ന വെളിച്ചത്തേക്കാള്‍ തിളക്കമുണ്ടായിരുന്ന സബീന അകക്കണ്ണിന്റെ വെളിച്ചത്തില്‍ നേടിയ ബിരുദത്തിന്.
ഗ്രാജ്വേഷന്‍ സെറിമണിയിലൂടെ അസല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാന്‍ സഹോദരി സാഹിറ ഖാലിദിനൊപ്പം സര്‍വകലാശാലയിലെത്തി. റിട്ട. ബാങ്ക് ജീവനക്കാരന്‍ ഖാലിദിന്റെയും സാറോമ്മയുടെയും മകളാണ് സബീന. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ പുളിക്കലിലുള്ള സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കുകയാണ്.
സെറിബ്രല്‍ പാള്‍സിയും തുടര്‍ന്ന് നടത്തിയ ചികിത്സകളും കാരണം ഇരുകാലുകള്‍ക്കും ശേഷിയില്ലാതായതിന്റെ വിഷമം ഹിദാഷ് ഒരുനിമിഷത്തേക്ക് മറന്നു. നടക്കാന്‍ പരസഹായം വേണമെങ്കിലും പഠിക്കാന്‍ മിടുക്കനായ ഹിദാഷ് തമീമിന് അഭിമാനനിമിഷമായിരുന്നു ഗ്രാജ്വേഷന്‍ സെറിമണി. കൊടുവള്ളി സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്ന് ബി.എ. മലയാളത്തില്‍ ബിരുദം നേടിയ ഹിദാഷ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഗ്രാജ്വേഷന്‍ സെറിമണിക്കെത്തിയപ്പോഴായിരുന്നു ഈ അഭിമാന മുഹൂര്‍ത്തം.
ദുബായില്‍ ജോലി ചെയ്യുന്ന കൊടുവള്ളി കരിങ്കമ ണ്ണുകുഴിയില്‍ അബ്ദുള്‍ഖാദറിന്റെയും സൗദ ഖാദറിന്റെയും മൂത്തമകനാണ് ഹിദാഷ്. ഉമ്മയ്ക്കൊപ്പം ഗ്രാജ്വേഷന്‍ സെറിമണിക്കെത്തിയ ഈ മിടുക്കനെ പരീക്ഷാഭവന്‍ ജീവനക്കാരാണ് കൈപിടിച്ച് വേദിയിലെത്തിച്ചത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം പി.ജിക്ക് റഗുലര്‍ പഠനം നടത്താനായില്ലെന്നതാണ് ഹാദാഷിന്റെ വിഷമം. ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയില്‍ എം.എ. ഹിസ്റ്ററിക്ക് ചേര്‍ന്നിരിക്കുകയാണിപ്പോള്‍. വിദ്യാര്‍ഥികളായ അമീന ഹിന്ന, ഇഷ ഫാബിയ, ഫാത്തിമ ഹെറിന്‍ എന്നിവരാണ് ഹിദാഷിന്റെ സഹോദരിമാര്‍.