കെജ്രിവാളിന്റെ അറസ്റ്റ് ; രാജ്യം കടന്നു പോകുന്നത് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ, ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം ; സാദിഖലി തങ്ങള്‍

തിരൂരങ്ങാടി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കെജ്രിവാളിന്റെ അറസ്റ്റ് അതില്‍ ഒന്നുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നമ്മള്‍ കണ്ടതാണ്. അധികാരത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും അതിവേഗം രാജ്യത്തെ കൊണ്ടുപോകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയും പ്രതിപക്ഷ നേതാക്കളെ വെട്ടയാടുകയും ചെയ്താല്‍ ഭരണം നിലനിര്‍ത്താം എന്നാണ് ഇവര്‍ കരുതുന്നത്. അത്തരം അബദ്ധധാരണകള്‍ തിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പ് ആയിരിക്കണം ഇത്. മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കാമെന്നും ഇന്ത്യയെ നമുക്ക് തിരിച്ചുപിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!