
സമസ്ത മദ്റസകളുടെ എണ്ണം 11,077 ആയി
ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 63 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 11,077 ആയി.
ഹയാത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ മാട്ടൂല്‍ സൗത്ത് (കണ്ണൂര്‍), മക്തബ: ദാറുല്‍ ഖുര്‍ആന്‍ മദ്റസ, ബിലാല്‍ നഗര്‍, കോയമ്പത്തൂര്‍ (തമിഴ്നാട്) എന്നീ മദ്റസകള്‍ക്ക് പുറമെ ഹാദിയയുടെ കീഴില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 61 മദ്റസകള്‍ക്കുമാണ് പുതുതായി അംഗീകാരം നല്‍കിയത്. കേരളം (1), തമിഴ്നാട് (1), ആന്ധ്രപ്രദേശ് (1), ആസാം (25), ബീഹാര്‍ (7), ജാര്‍ഖണ്ഡ് (4), പേപ്പാള്‍ (2), രാജസ്ഥാന്‍ (1), വെസ്റ്റ് ബംഗാള്‍ (21) എന്നിങ്ങനെയാണ് പുതുതായി അംഗീകാരം നല്‍കിയ മദ്റസകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍. സമസ്ത 100-ാം വാര്‍ഷിക പദ്ധതികള്‍ക്കും മറ്റും “തഹിയ്യ” ആപ് വഴിയുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.