വേങ്ങര : വേങ്ങരയില്‍ കടലുണ്ടിപ്പുഴയില്‍ തോണി ഉപയോഗിച്ചുള്ള മണലെടുപ്പ് വ്യാപകം. പുഴയോരങ്ങളില്‍ കരയിടിച്ചില്‍ വ്യാപകമായതോടെ നിരവധി വീടുകളാണ് അപകടഭീഷണിയിലായിരിക്കുന്നത്. കരയിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ഭാഗങ്ങളിലാണ് അനധികൃത മണടുപ്പ് നടക്കുന്നത്. പറപ്പൂര് ഗ്രാമപഞ്ചായത്തിലെ പാലാണി കാഞ്ഞീരക്കടവ് ,തോണി കടവ് എന്നീ കടവുകളിലാണ് വലിയ തോതില്‍ മണലെടുപ്പ് നടക്കുന്നത്. ഈ ഭാഗങ്ങളില്‍ എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വീണ്ടും കരയിടിച്ചില്‍ വ്യാപകമായി. നൂറുകണക്കിന് തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെയുള്ളവ നശിച്ചു.
പാലാണി കാഞ്ഞിരക്കടവിലെ തൂക്കുപാലവും സമീപത്തെ വീടുകളും കടുത്ത അപകട ഭീഷണിയിലാണ്. തിരൂരങ്ങാടി നഗരസഭയും പറപ്പൂര് ഗ്രാമപഞ്ചായത്തും ഉള്‍പ്പെടുന്ന കടലുണ്ടി പ്പുഴയുടെ തീരപ്രദേശങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കും, മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് പരാതി.