പൊന്നാനിയിലെ കടല്‍ക്ഷോഭവും കടലാക്രമണ ഭീഷണിയും ; മന്ത്രിക്ക് നിവേദനം നല്‍കി അബ്ദു സമദ് സമദാനി എംപി

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ പുതുപൊന്നാനി, വെളിയങ്കോട് പാലപ്പെട്ടി അടക്കമുള്ള സ്ഥലങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ കടല്‍ക്ഷോഭവും മറ്റു തീരപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന കടലാക്രമണ ഭീഷണിയും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളായ ജനങ്ങളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും ആവശ്യമായ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഫിഷറീസ് മന്ത്രി സജി ചെറിയാനെ ചെങ്ങന്നൂര്‍ റെസ്റ്റ് ഹൗസില്‍ ചെന്നുകണ്ട് നിവേദനം നല്‍കി.

പൊന്നാനിയിലും വെളിയങ്കോട്ടും ഇത്തവണ അനുഭവപ്പെട്ട കടുത്ത കടല്‍ക്ഷോഭത്തെയും അതുമൂലം തീരപ്രദേശത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങളെയും കുറിച്ച് സമദാനി മന്ത്രിയുമായി വിശദമായി ചര്‍ച്ച നടത്തി. പുതുപൊന്നാനി, പാലപ്പെട്ടി, അജ്മീര്‍ നഗര്‍, വെളിയങ്കോട്, തണ്ണിത്തുറ, പത്തുമുറി, കൂട്ടായി അരയന്‍ കടപ്പുറം, സുല്‍ത്താന്‍ വളവ്, വെട്ടം,വാടിക്കല്‍, പള്ളിവളപ്പ്, വാക്കാട്, താനൂര്‍ എടക്കടപ്പുറം, പുതിയകടപ്പുറം,അഞ്ചുടി, ചിരാന്‍ കടപ്പുറം. പരപ്പനങ്ങാടി, ചാപ്പപ്പടി, ആലുങ്ങല്‍ ബീച്ച് സദ്ദാം ബീച്ച് എന്നീ പ്രദേശങ്ങളെല്ലാം കാലവര്‍ഷത്തെത്തുടര്‍ന്ന് കടലാക്രമണ ഭീഷണിയിലാണ്. കാലവര്‍ഷം വരുമ്പോഴേക്ക് വിവിധങ്ങളായ പ്രയാസങ്ങളിലേക്ക് തള്ളപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സങ്കടകരമായ ജീവിത സ്ഥിതിയെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.

വര്‍ഷംതോറും കടല്‍ കരയെടുത്തു പോകുന്ന പ്രശ്‌നം അതീവ ഗുരുതരമാണെന്ന് അദ്ദേഹം മന്ത്രിയോട് പറഞ്ഞു. നിരവധി മീറ്ററുകളാണ് ഓരോ കാലവര്‍ഷക്കാലത്തും കടലെടുക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ വാസസ്ഥാനങ്ങള്‍ക്കും മാത്രമല്ല നാടിനും അതിന്റെ ആവാസ വ്യവസ്ഥക്കും ഭീഷണിയുയര്‍ത്തുന്ന പ്രവണതയാണ്. അതേക്കുറിച്ച് ശാസ്ത്രീയവും ആധികാരികവുമായ പഠനം നടത്തുകയും അതിനെ തടയാനുള്ള മുന്‍കരുതലെടുക്കുകയും വേണം. അതിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്തുന്ന നടപടികള്‍ ഉണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ജലസേചന മന്ത്രി റോസി അഗസ്റ്റിനുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തീരം കടലെടുക്കുന്ന പ്രശ്‌നത്തെ സംബന്ധിച്ച് പഠനം നടത്തുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി റോസി അഗസ്റ്റിനുമായും ഈ വിഷയങ്ങളെക്കുറിച്ച് സമദാനി ഫോണില്‍ വിളിച്ച് സംസാരിക്കുകയും അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം അദ്ദേഹത്തിന്റെ ഓഫീസില്‍ നിവേദനം എത്തിക്കുകയും ചെയ്തു.

error: Content is protected !!