മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്സന്‍, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ സീറ്റുകളിലും എസ്എഫ്‌ഐ വിജയിക്കുകയായിരുന്നു. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍വകലാശാലയിലെ 9 ജനറല്‍ സീറ്റുകളിലും, 11 അസോസിയേഷന്‍ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
നാമനിര്‍ദ്ദേശപത്രിക മതിയായ കാരണങ്ങള്‍ ഇല്ലാതെ തള്ളിയതിനെതിരെ എംഎസ്എഫ് സ്ഥാനാര്‍ത്ഥികളായ ഫൈസല്‍, അന്‍സീറ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ അധികൃതര്‍ പറഞ്ഞ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും ഇലക്ഷന്‍ നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.