കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് നല്‍കാന്‍ കഴിഞ്ഞതില്‍ സംസ്ഥാനസര്‍ക്കാറിന് അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാനായെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍. ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അനുമോദിക്കുന്നതിനായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാത സ്ഥലമേറ്റെടുക്കലിനേക്കാള്‍ മികച്ച നഷ്ടപരിഹാര പാക്കേജ് ഭൂവുടമകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആഗസ്റ്റ് ഏഴിനാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി എന്ന ചരിത്ര നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
76 കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പുനരധിവാസ പാക്കേജ് നല്‍കി സ്ഥലം ഏറ്റെടുത്തത്. വിമാനത്താവള വികസനത്തിനായി പള്ളിക്കല്‍ വില്ലേജില്‍ 5.56 ഏക്കറും നെടിയിരുപ്പ് വില്ലേജില്‍ 6.9 ഏക്കറും കണക്കാക്കി 12.48 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള അതോറിറ്റിക്ക് ഏറ്റെടുത്തു നല്‍കുന്നത്. 76 ഭൂവുടമകളില്‍ 28 പേര്‍ക്ക് ഭൂമിയും 11 പേര്‍ക്ക് മറ്റു നിര്‍മ്മിതികളും 32 കുടുംബങ്ങള്‍ക്ക് വീട് ഉള്‍പ്പെടെയുള്ള വസ്തുക്കളും 5 പേര്‍ക്ക് മറ്റ് കെട്ടിടങ്ങളും ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപ്പെടുന്നുണ്ട്. പുനനിരവധിവാസ പാക്കേജിലൂടെ 52 കുടുംബങ്ങളില്‍ ഓരോ കുടുംബത്തിനും 3.56 കോടി രൂപ സര്‍ക്കാര്‍ കൈമാറി. നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ 72.85 കോടിയില്‍ 43.5 കോടി രൂപ ഇതിനോടകം ഭൂവുടമസ്ഥരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 27 കോടി രൂപ ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം തന്നെ മുഴുവന്‍ തുകയും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ , കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി അബ്ദുറഹ്‌മാന്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ബാസ്, കൗണ്‍സിലര്‍മാരായ ഫിറോസ്, സല്‍മാന്‍ ഫാരിസ് , ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍ , കെ.ലത, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സമരസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.