പി.എസ്.എം.ഒ കോളേജിന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല അംഗീകാരം: മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ്ബിന്

തിരൂരങ്ങാടി: 2022-23 കാലഘട്ടത്തിലെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള അവാർഡ് പി.എസ്.എം.ഒ കോളേജിന്. കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബുകൾക്കുള്ള അവാർഡാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബ് കരസ്ഥമാക്കിയിരിക്കുന്നത്.


ജൂൺ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ച് കേരള ചീഫ് സെക്രട്ടറി ഡോ. വി. വേണുവിൽ നിന്ന് പിഎസ്എംഒ കോളേജ് ഭൂമിത്രസേന ക്ലബ് ഫാക്കൽറ്റി-ഇൻ-ചാർജ് പി കബീർ അലിയും ക്ലബ് വളണ്ടിയർമാരും ഉപഹാരവും പ്രശസ്തി പത്രവും സ്വീകരിച്ചു.

സൗത്ത് സോൺ, സെൻട്രൽ സോൺ, നോർത്ത് സോൺ എന്നീ മൂന്ന് മേഖലകളിലായി നൽകുന്ന അവാർഡിൽ നോർത്ത് സോണിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയിട്ടാണ് പി.എസ്.എം.ഒ കോളേജിലെ ഭൂമിത്രസേന ക്ലബ്ബിനെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ കുറെ വർഷങ്ങളിലായി മാതൃകാ പരമായ നിരവധി പരിസ്ഥിതി പ്രവർത്തനങ്ങൾ പി.എസ്.എം.ഒ കോളേജിലെ ഭൂമിത്ര സേന ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നിരുന്നു.


വിദ്യാർത്ഥികൾക്കായി പക്ഷി നിരീക്ഷണത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്, കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ കേരളത്തിലെ വിവിധ വന്യജീവി സങ്കേതങ്ങളിൽ നടക്കുന്ന പക്ഷി സർവേകളിൽ പങ്കെടുപ്പിക്കൽ, ചെറുമുക്ക്-വെഞ്ചാലി തണ്ണീർത്തടങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ സംഘടിപ്പിച്ച പക്ഷി സർവ്വേ, നാടുകാണി ചുരത്തിലെ കേരള അതിർത്തി വരെയുള്ള പ്രദേശങ്ങളിലെ മാലിന്യനിർമാർജനവും കാട്ടു തീക്കെതിരെ യാത്രക്കാരെ ബോധവൽക്കരിക്കലും, കടലുണ്ടി പക്ഷി സങ്കേതത്തിൽ തുടർച്ചയായ വർഷങ്ങളിൽ നടത്തിയ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കായി കേരളത്തിലെ വിവിധ വന്യജീവി സങ്കേതങ്ങളിൽ സംഘടിപ്പിച്ച പരിസ്ഥിതി പഠന ക്യാമ്പുകൾ, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് മാത്രമായി സംഘടിപ്പിച്ച പർവ്വതാരോഹണ ക്യാമ്പുകൾ, തുടർച്ചയായ വർഷങ്ങളിൽ പിഎസ്എംഒ കോളേജ് ക്യാമ്പസിലെ പക്ഷികളുടെയും പൂമ്പാറ്റകളുടെയും സർവ്വേ നടത്തുകയും സർവ്വേയിൽ കണ്ടെത്തിയ പക്ഷികളുടെയും പൂമ്പാറ്റകളുടെയും ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ ബോർഡുകൾ ക്യാമ്പസിൽ സ്ഥാപിക്കൽ, തുടങ്ങി നിരവധി പരിസ്ഥിതി പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിലായി പി.എസ്.എം.ഒ കോളേജിലെ ഭൂമിത്ര സേന ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

ഇംഗ്ലീഷ് വിഭാഗം അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ പി. കബീർ അലിയാണ് കോളേജിലെ ഭൂമിത്ര സേന ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

error: Content is protected !!