തിരൂരങ്ങാടി : നഗരസഭയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനു പണം അടവാക്കിയ സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് നഗരസഭ ഭരണസമിതി ആവശ്യപ്പെട്ടു. 40 ലക്ഷത്തോളം രൂപ മാസങ്ങള്‍ക്ക് മുമ്പ് കെഎസ്ഇബിയില്‍ അടവാക്കിയിട്ടും പ്രവര്‍ത്തി വൈകുകയാണ്. കെഎസ്ഇബിയുടെ അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭ ഭരണസമിതി കെ.എസ്.ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വേലായുധനെ കണ്ട് അറിയിച്ചു.
എല്ലാ ഡിവിഷനിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനു സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ വലിക്കുന്നതിനു ആവശ്യമായ തുക നഗരസഭ അനുവദിച്ചിട്ടുണ്ട്. സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ വലിക്കുന്നത് വൈകുന്നത് മൂലം തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനാവുന്നില്ല. കെ.എസ്.ഇബിയുടെ അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇപി ബാവ എന്നിവര്‍ കെ.എസ്.ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വേലായുധനെ കണ്ട് അറിയിച്ചു. 2024 ഒക്‌ടോബര്‍ 31നകം പൂര്‍ത്തിയാക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു.
അനന്തമായി നീളുന്നപക്ഷം ജനപ്രതിനിധികള്‍ കെ.എസ്.ഇബിയിലേക്ക് സമരം ചെയ്യുമെന്ന് ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ വാര്‍ഡിലും ആവശ്യമായ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനു നഗരസഭ കരാര്‍ നല്‍കിയിട്ടും കെ.എസ്.ഇബിയുടെ വികലമായ നയങ്ങള്‍ മൂലം പൂര്‍ത്തിയാക്കാനായിട്ടില്ല.