
തിരൂരങ്ങാടി: വിദ്യാഭ്യാസ ജില്ല കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) അഞ്ചാമത് അവുക്കാദർകുട്ടി നഹ അധ്യാപക അവാർഡിന് താനൂർ ഉപജില്ലയിലെ കൊടിഞ്ഞി കടുവാളൂർ എ എം എൽ പി സ്കൂൾ പ്രധാന അധ്യാപകൻ എ. അബ്ദു സമദ് മാസ്റ്റർ അർഹനായി. ഉപഹാര സമർപ്പണം ഇന്ന് വ്യാഴം വൈകിട്ട് അഞ്ചിന് ചെമ്മാട്ട് നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്യും. കെ എസ് ടി യു വാർഷിക കൗൺസിൽ മീറ്റ്, പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിൽ നിന്ന് 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് അദ്ദേഹം വിരമിക്കാനിരിക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട ‘സമദ് മാഷ്’ സങ്കീർണ്ണമായ പാഠഭാഗങ്ങളെ ലളിതമായി അവതരിപ്പിക്കാനും, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ചേർത്തുപിടിക്കാനും തയാറായി.
സ്കൂളിന്റെ ഭൗതികവും വിജ്ഞാനപരവുമായ വളർച്ചയിൽ പങ്ക് വഹിച്ചു. പെരുവള്ളൂരിൽ ആച്ചപ്പറമ്പിൽ മാഹിനലി മാസ്റ്ററുടെയും സഫിയയുടെയും മകനായി ജനിച്ചു. കുട്ടിക്കാലം മുതൽ അധ്യാപകനാകണമെന്ന ആഗ്രഹത്തോടെ പഠിച്ചു. 1992 അധ്യാപകപരിശീലനം പൂർത്തിയാക്കി 1993 ൽ കടുവള്ളൂർ എ.എം.എൽ.പി സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. 2001-ൽ സ്കൗട്ട് അധ്യാപക പരിശീലനം പൂർത്തിയാക്കി. 2005-ൽ പ്രധാനധ്യാപകനായി.
രാഷ്ട്രപതിയുടെ ഗോൾഡൻ ആരോ അവാർഡ് വിദ്യാലയത്തിന് നേടിക്കൊടുത്തു. സബ്ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ നിരവധി തവണ ജേതാക്കളായി. അറബിക് കലോത്സവം, ജനറൽ കലോത്സവം, കായിക മേള’ഫട്ബോൾ മത്സരം,വായന മത്സരം എന്നിവയിലെല്ലാം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ‘ഒരുമ’യുടെ കീഴിൽ നടത്തിയ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് കൊടിഞ്ഞി കണ്ട ഏറ്റവും മനോഹരമായ ടൂർണമെൻ്റായിരുന്നു. ജൈവ വൈവിധ്യ ഉദ്യാനം കുട്ടികളുടെ പാർക്ക് എന്നിവ ഒരുക്കി. പ്രധാനധ്യാപക പരിശീലനങ്ങളിലും ആർ.പി ആയി പ്രവർത്തിച്ചു. പ്രദേശത്തെ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിച്ചു. പ്രദേശത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്.പ്രാദേശിക സംഘടനകൾ മികച്ച അധ്യാപകനുള്ള പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ലയൺസ് ക്ലബ് 2023-ൽ മികച്ച അധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു. 2025-ൽ സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകുന്ന ഗുരു ശ്രേഷ്ഠ അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോയിഷേൻ (കെ.പി.പി.എച്ച്.എ) സബ് ജില്ലാ സെക്രട്ടറി, ജില്ലാ അസിസ്റ്റൻസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സംസ്ഥാന കൗൺസിൽ അംഗമാണ്. അലിഫ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകനാണ്.
ഭാര്യ ഫാത്തിമ സുഹറ. മക്കൾ: ഹിബ സമദ്, ഹസീൽ ഫർഹാൻ.