ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ പുറത്തേക്ക്; എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു
ദില്ലി : ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസ...