താനൂര്‍ ഫിഷറീസ് സ്‌കൂള്‍ കെട്ടിടം മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിച്ചു

താനൂര്‍ : ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഹൈസ്‌കൂള്‍ കെട്ടിടം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

14 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ അഞ്ചു ക്ലാസ് മുറികള്‍, നാല് ലബോറട്ടറികള്‍, ആക്ടിവിറ്റി റൂം, റെക്കോര്‍ഡ് റൂം, ലൈബ്രറി കം റീഡിംഗ് റൂം, സിക്ക് ആന്‍ഡ് കൗണ്‍സിലിംഗ് റൂം, യൂട്ടിലിറ്റി റൂം, ശുചിമുറികള്‍ എന്നിവയും ഒരു കോര്‍ട്ട് യാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോസ്റ്റല്‍ കെട്ടിട നവീകരണം, ഹൈസ്‌കൂളിനും ഹയര്‍സെക്കന്‍ഡറിക്കും പുതിയ കെട്ടിട സമുച്ചയങ്ങള്‍, ചുറ്റുമതില്‍, ക്യാമ്പസിലൂടെയുള്ള പൊതുവഴികള്‍ ഒഴിവാക്കി പകരം വഴികള്‍, സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും അല്ലാത്തപ്പോള്‍ തീരയുവതയ്ക്കും ഉപയാഗിക്കാവുന്ന തരത്തിലുള്ള സ്റ്റേഡിയം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഫിഷറീസ് സ്‌കൂളില്‍ ഇതിനോടകം ഒരുക്കിയിട്ടുണ്ട്.

പരിപാടിയില്‍ മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി ടി അക്ബര്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി മായ, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ഭാസ്‌കരന്‍, പ്രധാനധ്യപാപകന്‍ എന്‍ അബ്ദുള്‍ അസീസ്, സമദ് താനാളൂര്‍, എ പി സിദ്ധീഖ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!