
താനൂര്‍ കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍. താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും ഇവര്‍ക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാല്‍ താന്‍ ഈ കേസില്‍ എത്തിപ്പെടുകയായിരുന്നുവെന്നും എസ് ഐ കൃഷ്ണലാല്‍ വെളിപ്പെടുത്തി. നിലവില്‍ കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലാണ് എസ് ഐ കൃഷ്ണലാല്‍. എംഡിഎംഎ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെയറിഞ്ഞിരുന്നു. താന്‍ പിന്നീടാണ് അറിഞ്ഞതെന്നും എസ്‌ഐ പറഞ്ഞു.
പ്രതികള്‍ 12 പേരെന്നാണ് ഡിവൈഎസ്പി വിളിച്ചുപറഞ്ഞത്. അത്രയും ഫോഴ്‌സ് സ്റ്റേഷനില്‍ ഇല്ലെന്ന് പറഞ്ഞതോടെ അഞ്ച് പേരെയാണ് സ്റ്റേഷനിലേക്ക് അയക്കുന്നതെന്ന് അറിയിച്ചു. അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി. അഞ്ച് പ്രതികളെയും ഒരു കാറുമാണ് സ്റ്റേഷനില്‍ എത്തിച്ചത്. പുലര്‍ച്ചെ 1.40നാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്. താമിര്‍ ജിഫ്രിയെ റെസ്റ്റ് റൂമില്‍ കട്ടിലില്‍ കിടത്തി. നാല് പേരെ പരസ്പരം വിലങ്ങണിയിച്ചിരുന്നു. പെട്ടന്ന് എഫ്‌ഐആര്‍ ഇടേണ്ടതിനാല്‍ മെഡിക്കല്‍ എടുത്തില്ല. എവിടെ നിന്ന് പിടിച്ചുവെന്ന് ഡാന്‍സാഫ് വെളിപ്പെടുത്തിയില്ലെന്നും എസ്‌ഐ പറഞ്ഞു. തന്റെ പ്രസന്‍സില്‍ അല്ല അവര്‍ ഡിറ്റന്‍ഷന്‍ ചെയ്തത്. തന്റെ പ്രസന്‍സിലാണ് ഡിറ്റന്‍ഷന്‍ ചെയ്യേണ്ടത്. പിടിച്ച് വെക്കാനേ അവര്‍ക്ക് അധികാരമുള്ളൂ. ഒരു എംഡിഎംഎ കേസ് ഡാന്‍സാഫ് പിടിച്ചാല്‍ അത് കയ്യില്‍ വെച്ച് എസ്‌ഐയെ വിളിച്ച് വരുത്തണം. എസ്‌ഐക്കോ മുകളില്‍ ഉള്ളവര്‍ക്കോ മാത്രമേ ഇത് പിടിക്കാനുള്ള അധികാരമുളളൂ.
ഡാന്‍സാഫ് സംഘം പിടികൂടുന്നവരെ ക്വാട്ടേഴ്‌സില്‍ കൊണ്ടുവരാറുണ്ട്. സര്‍ക്കാര്‍ ഭൂമിയിലുള്ള പൊലീസിന്റെ കെട്ടിടമാണിത്. ഫാമിലിക്ക് താമസിക്കാനൊന്നും കൊടുക്കാറില്ല. പൊലീസ് പിടിക്കുന്ന ഒരുപാട് വണ്ടികള്‍ അവിടെ കൊണ്ടിട്ടിട്ടുണ്ട്. ഒരാളെ അതിനകത്ത് നിന്ന് അടിച്ചാല്‍ പുറത്താരും കേള്‍ക്കില്ല. ഡാന്‍സാഫ് ടീമാണ് ഇവിടെ താമസിക്കുന്നത്. അവര്‍ക്കാണ് ആ കെട്ടിടം കൊടുത്തിരിക്കുന്നത്. താമസം ലീഗലാണോ ഇല്ലീഗലാണോ എന്ന് അറിയില്ല. ഡാന്‍സാഫിലെ ആല്‍ബിന്‍ സ്ഥിരമായി അവിടെയാണ് താമസിക്കുന്നത് എന്ന് അറിയാം. താനൂര്‍ സ്റ്റേഷന്‍ ലിമിറ്റില്‍ തന്നെയാണ്, രക്തക്കറ കണ്ടതിനെ തുടര്‍ന്ന് സീല്‍ ചെയ്ത ഈ ക്വാര്‍ട്ടേഴ്‌സ് ഉള്ളത്.
എസ്എച്ച്ഒ ഷഹന്‍ഷാ ഐപിഎസ് ആണ് ഡിറ്റന്‍ഷന്റെ കാര്യം ആദ്യം വിളിച്ച് പറയുന്നത്. പിന്നീട് താനൂര്‍ സ്റ്റേഷന്‍ ഐപിയായ സിഐ ജീവന്‍ ജോര്‍ജ് വിളിച്ച് ഡിറ്റന്‍ഷന്റെ കാര്യങ്ങള്‍ അറിയിച്ചു. 12 പേരെ പിടികൂടിയതായി അറിയിച്ചത് ഡിവൈഎസ്പി ബെന്നിയാണ്. അദ്ദേഹത്തോട് ഇത്രയും പേരെ ഉള്‍ക്കൊള്ളിക്കാന്‍ സ്റ്റേഷനില്‍ സൌകര്യമില്ലെന്ന് താന്‍ പറഞ്ഞു. ‘ഈ രാത്രി 12 പേരെ കൊണ്ട് വന്നാല്‍ നേരം വെളുത്താലും തീരില്ല. നമ്മുടെ സാധനം കൈവിട്ട് പോകും എന്ന് ഞാന്‍ പറഞ്ഞു’. പിന്നീട് ഐപി ജീവന്‍ ജോര്‍ജ് വിളിച്ച് ഡിവൈഎസ്പിയോട് പറഞ്ഞ് അഞ്ച് പേരായി ചുരുക്കിയെന്ന് അറിയിച്ചു.
‘സാര്‍ എന്നോട് പറഞ്ഞത് അവര്‍ എനിക്ക് ഡിറ്റന്‍ഷന്‍ ചെയ്ത് തരും. എന്റെ താനൂര്‍ സ്റ്റേഷന്റെ അടുത്ത് വെച്ച് ഇത് പിടിച്ചെടുക്കും. അപ്പോള്‍ ഞാന്‍ ചെല്ലുക, കേസെടുക്കുക. പൊതുവേ ഡാന്‍സഫ് ടീമുകാരുടെ നടപടി ക്രമങ്ങളില്‍ പുറത്തറിയിക്കില്ല. നമുക്ക് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എന്ന് പറഞ്ഞ് നമ്മള്‍ എടുക്കും. ഡാന്‍സാഫ് ടീമിനെ കോടതിയില്‍ സാക്ഷിയാക്കിയാല്‍ കേസ് പൊളിക്കും. അതുകൊണ്ടാണ് കുടുതലും ഡാന്‍സാഫുകാരുടെ പേര് കാണിക്കാത്തത്. പിന്നെ അവരുടെ പേര് കാണിച്ചാല്‍ എസ് പി നമ്മളെ വഴക്കും പറയും’ – കൃഷ്ണലാല്‍ പറഞ്ഞു.
വൈകിട്ട് 7.14 ന് താന്‍ ജിനേഷിനെ വിളിച്ചു. ഡിറ്റന്‍ഷന്‍ ചെയ്യാന്‍ പോകുന്നതേയുള്ളൂവെന്നാണ് ജിനേഷ് അറിയിച്ചത്. ഡാന്‍സാഫ് എവിടെ നിന്ന് പിടിച്ചുവെന്ന് അറിയില്ല, പറയാറില്ല, ചോദിക്കാറുമില്ല. സ്റ്റേഷന്‍ ലിമിറ്റില്‍ നിന്ന് പിടിക്കുന്നു എന്നാണ് വിശ്വാസം. ഡിറ്റന്‍ഷന് പോയെന്ന് മാത്രമേ അറിയൂ. എവിടെയാണ് പോയതെന്നോ എന്താണെന്നോ അറിയില്ല. അവര്‍ പിടിച്ച, ഡിവൈഎസ്പി പറയുന്ന സാധനങ്ങള്‍ തങ്ങള്‍ കാണാതെയാണ് കൊണ്ടുവന്നത്. ഇതിനിടയ്ക്ക് ജീവന്‍ ജോര്‍ജ് ക്വാട്ടേഴ്‌സില്‍ പോയി പ്രതികളെ കണ്ടിരുന്നു എന്ന കാര്യം താനറിഞ്ഞു. ഒരു ഓഫീസര്‍ ക്വാര്‍ട്ടേഴ്‌സില്‍ വന്ന് കണ്ടു എന്ന് താമിര്‍ ജിഫ്രിക്കൊപ്പമുള്ളവര്‍ പറഞ്ഞത് ഐപി ജീവന്‍ ജോര്‍ജിനെക്കുറിച്ചായിരിക്കാം. ഡാന്‍സാഫിലെ ജിനേഷ് പറഞ്ഞത് ജീവന്‍ ജോര്‍ജ് വന്ന് കണ്ടു എന്നാണെന്നും എസ് ഐ പറഞ്ഞു.
ജീനേഷ് വിളിച്ചു പറഞ്ഞത് പ്രകാരം 12.08 ന് സ്റ്റേഷനില്‍ നിന്നിറങ്ങി, ദേവദാര്‍ പാലത്തിന് സമീപത്തെത്തി. അവിടെ വെള്ള സ്വിഫ്റ്റും ചുവപ്പ് നിറമുള്ള ടാറ്റ നെക്‌സണുമുണ്ടായിരുന്നു. പ്രതികള്‍ കാറിലിരിക്കുകയായിരുന്നു. മന്‍സൂര്‍ എന്നയാളാണ് കാറിന്റെ മുമ്പിലിരുന്നത്. നാല് പേര്‍ പുറകിലിരിക്കുകയായിരുന്നു. താമിര്‍ ജിഫ്രി രണ്ടാമതായും ഇരുന്നു. ഇവരുടെ കയ്യില്‍ വിലങ്ങുവച്ചിരുന്നു. താമിര്‍ ജിഫ്രി അസാധാരണമായി പെരുമാറുന്നതായി കണ്ട് ചോദിച്ചപ്പോള്‍ എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അതിനാല്‍ താന്‍ അടിച്ചില്ലെന്നും കൃഷ്ണലാല്‍ പറഞ്ഞു.
തിരൂരങ്ങാടി ഐപി ദേഹപരിശോധനയ്ക്കായി എത്തി. ഡിവൈഎഫ്‌ഐയുടെ മേഖലാ പദയാത്രയ്ക്ക് വേണ്ടി ഡെക്കറേഷന്‍ ചെയ്യുന്ന രണ്ടുപേര്‍ അവിടെയുണ്ടായിരുന്നു; മുഹമ്മദ് സനദ്, വിശാഖ്. ഇവരെ ഡിറ്റന്‍ഷന് സാക്ഷികളാക്കി. താമിറിനെയാണ് ആദ്യം പരിശോധിച്ചത്. കൈമടക്കില്‍ നിന്ന് ഒരു പൊതി കിട്ടി. വെള്ളയില്‍ ചുവപ്പും നീലയും വരയുള്ള ഷര്‍ട്ടായിരുന്നു താമിര്‍ ധരിച്ചത്. തൂക്കി നോക്കിയപ്പോള്‍ നാല് ഗ്രാമില്‍ അധികമുണ്ടെന്ന് വ്യക്തമായി. അഞ്ച് പായ്ക്കറ്റാണ് ലഭിച്ചത്. കവറിന്റെ തൂക്കമൊഴിച്ച് എല്ലാം കൂടി 18.14 ഗ്രാം ആണ് ആകെ കിട്ടിയത്. പുലര്‍ച്ചെ 1.40 ന് റിപ്പോര്‍ട്ട് എഴുതി തീര്‍ന്നു. കാറിലും ജീപ്പിലുമായി പുലര്‍ച്ചെ ഒന്നേമുക്കാലോടെ സ്റ്റേഷനിലെത്തി.
താമിര്‍ഡ ജിഫ്രിക്ക് ഷിവറിംഗ് ഉണ്ടായിരുന്നു. ഡാന്‍സാഫിലെ ആല്‍ബിനും ലിബിനും ചേര്‍ന്ന് ജിഫ്രിയെ മുകളിലേക്ക് കൊണ്ടുവന്നു. ഉറങ്ങിയാല്‍ മാറുമെന്ന് കരുതി റെസ്റ്റിംഗ് റൂമില്‍ മുകളില്‍ കട്ടിലില്‍ കിടത്തി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡിലേയാകാതിരിക്കാന്‍ വേണ്ടിയാണ് മെഡിക്കലെടുക്കാതിരുന്നതെന്ന് കൃഷ്ണലാല്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയാല്‍ കോടതിയിലടക്കം വിശദീകരിക്കേണ്ടിവരുമെന്നും കൃഷ്ണലാല്‍ പറഞ്ഞു. ”ഇവന്‍ എംഡിഎംഎ വിഴുങ്ങിയിരുന്നു എന്ന് അറിഞ്ഞിരുന്നു എങ്കില്‍ ഒരിക്കലും ഞാനിവനെ സ്റ്റേഷനില്‍ കൊണ്ട് കയറ്റില്ല. ഞാന്‍ നേരെ ഹോസ്പിറ്റലില്‍ കൊണ്ടുപോയേനെ. ഇവനും പറഞ്ഞില്ല, അവരാരും പറഞ്ഞില്ല..” – കൃഷ്ണലാല്‍ വ്യക്തമാക്കി.
താമിര്‍ കിടന്ന് ഷോ കാണിക്കും അത് വലിയ കാര്യം ആക്കണ്ടെന്നും ഹലൂസിനേഷന്‍ ആണെന്നും റെസ്റ്റ് റൂമില്‍ നിന്ന് പോകും മുമ്പ് താന്‍ കാവലിരുന്ന ആശിഷ് സ്റ്റീഫനോട് പറഞ്ഞിരുന്നു. പലതവണ താമിര്‍ ഷോ കാണിക്കുന്നുവെന്ന് പറഞ്ഞപ്പോഴും എംഡിഎംഎ ഉപയോഗിച്ചതിന്റേതാകമെന്ന് കരുതി വലിയ കാര്യമാക്കേണ്ടതില്ലെന്ന് താന്‍ പറഞ്ഞു. ഏകദേശം പുലര്‍ച്ചെ 3.45 ഓടെ താമിര്‍ ജിഫ്രിയുടെ വായില്‍ നിന്ന് നുരയും പതയും വന്നു. ചെന്ന് നോക്കുമ്പോള്‍ വെട്ടി വിറയ്ക്കുന്നു. അപ്പോഴേക്കും നാലുമണിയായി. സ്റ്റേഷനില്‍ വണ്ടിയുണ്ടായിരുന്നില്ല. 15 മിനുട്ടിനകം വണ്ടിയെത്തി. താമിര്‍ ജിഫ്രിയെ ചുമന്ന് കൊണ്ടുവന്നു. ഇതിനിടെ മുണ്ട് ഊരി തറയില്‍ വീണു. പെട്ടന്ന് എത്തിക്കാനായി ശ്രമിക്കുകയായിരുന്നതിനാല്‍ മുണ്ടെടുക്കാന്‍ നിന്നില്ല. ചുവന്ന അടിവസ്ത്രം ഉണ്ടായിരുന്നു. ഇതെല്ലാം കണ്ട് താമിറിനൊപ്പമുള്ളവര്‍ കരച്ചിലായിരുന്നു. ആരെങ്കിലും അടിച്ചോ എന്ന് ചോദിച്ചപ്പോള്‍ ചേളാരിയില്‍ നിന്ന് അടികിട്ടിയെന്ന് അവര്‍ പറഞ്ഞു. അപ്പോഴാണ് ഇവരെ പിടികൂടിയത് ചേളാരിയില്‍ നിന്നാണെന്ന് താന്‍ അറിയുന്നത്. ഇത് കേട്ടതോടെ ആകെ ഭയന്നുവെന്നും കൃഷ്ണലാല്‍ പറഞ്ഞു.
താമിറിനെ തല്ലിയത് ഡാന്‍സാഫിലെ ജീനേഷും സംഘവുമാണെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. താമിര്‍ മരിച്ചാല്‍ ഉത്തരവാദികള്‍ അവരാണെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. താമിറിനെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും സീരിയസാണെന്നും 4.24 ഓടെ ഡിവൈഎസ്പിയെ വിളിച്ച് അറിയിച്ചു. അപ്പോള്‍ എഫ്‌ഐആറിന്റെ കാര്യങ്ങള്‍ നോക്കാനാണ് അദ്ദേഹം തന്നോട് പറഞ്ഞത്. 4.40 ആയപ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചുവെന്ന വിവരം ആശുപത്രിയില്‍ നിന്ന് ലഭിച്ചു. ഇതോടെ താനും ഒപ്പമുണ്ടായിരുന്നവരും വല്ലാതെ ഭയന്നു. അഞ്ച് മണിയോടെ ജീവന്‍ ജോര്‍ജ് സ്റ്റേഷനിലെത്തി. താമിറിനൊപ്പം പിടികൂടിയവരോട് സ്റ്റേഷനില്‍ ആരെങ്കിലും മര്‍ദ്ദിച്ചോ എന്ന് ഐപി ജീവന്‍ ജോര്‍ജ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ചേളാരിയില്‍ നിന്ന് ഉച്ചയ്ക്ക് പിടികൂടിയതാണെന്നും സ്‌ക്വാഡ് മര്‍ദ്ദിച്ചുവെന്നും പറഞ്ഞു. ഇതിന്റെ എല്ലാം ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശം നല്‍കിയിട്ടുണ്ടെന്നും അത് ലഭിച്ചാലെ തന്റെ നിരപരാധിത്തം തെളിയിക്കാനാകൂ എന്നും സസ്‌പെന്‍ഷനിലായ എസ്‌ഐ കൃഷ്ണലാല്‍ പറഞ്ഞു.
#tanurcustodydeath #tanurpolice tanur custody death