ടാറ്റ ഗ്രൂപ്പിന്റെ 91,000 കോടി രൂപയുടെ സെമി കണ്ടക്ടര്‍ ബൃഹദ് പദ്ധതി താനൂരിലേക്ക്

താനൂര്‍ : ടാറ്റ ഗ്രൂപ്പിന്റെ 91,000 കോടി രൂപയുടെ സെമി കണ്ടക്ടര്‍ ബൃഹദ് പദ്ധതിയുടെ മാപ്പിലേക്ക് താനൂരും എത്തുന്നു. പദ്ധതി താനൂരിലെ ഒഴൂരിലേക്കെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തായ്‌വാനിലെ സെമി കണ്ടക്ടര്‍ നിര്‍മ്മാതാക്കളായ പവര്‍ ചിപ്പ് സെമി കണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി (പി.എസ്.എം.സി)യുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വന്‍കിട പദ്ധതി ടാറ്റ ഗ്രൂപ്പ് ആരംഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന വന്‍കിട പദ്ധതിയുടെ അനുബന്ധ പ്ലാന്റിനായി പരിഗണിക്കപ്പെടുന്നത് ഒഴൂര്‍ ഗ്രാമമാണ്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ടാറ്റ ഗ്രൂപ്പും ചര്‍ച്ചകള്‍ നടന്നു വരുന്നുകയാണ്.

അസമിലും കേരളത്തിലുമായാണ് പദ്ധതി വരുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. ഒഴൂരില്‍ അനുബന്ധ പ്ലാന്റ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളാണ് നടന്നു വരുന്നത്. ഇതിനുള്ള സ്ഥലം കണ്ടെത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അറിവു ലഭിച്ചിട്ടില്ല. വ്യവസായ വകുപ്പുമായുള്ള ഉന്നത തല ചര്‍ച്ചകള്‍ക്ക് ശേഷമാകും തുടര്‍ നടപടികളുണ്ടാകുക. ജില്ലയുടെ തീരദേശ ഗ്രാമമായ ഒഴൂര്‍ പഞ്ചായത്ത് താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണ് ഉള്‍പ്പെടുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 35 കിലോമീറ്ററാണ് ദൂരം.

ഗുജറാത്തിലാണ് കമ്പനിയുടെ പ്രധാന പ്ലാന്റ് തുടങ്ങുന്നത്. ഗുജറാത്തിലെ ധോലേറയിലായിരിക്കും പ്രധാന പ്ലാന്റ്. കേരളത്തില്‍ അനുബന്ധ പ്ലാന്റാണ് വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ പ്ലാന്റാകും ഗുജറാത്തിലേത്. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ പൂര്‍ണമായും ഉപയോഗപ്പെടുത്തിയുള്ള ഈ പ്ലാന്റില്‍ മാത്രം 20,000 പുതിയ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ അനുബന്ധ പ്ലാന്റുകളില്‍ ഉള്‍പ്പടെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകും.

error: Content is protected !!