16 കാരന് ബൈക്ക് ഓടിക്കാൻ നൽകി, മാതാവിനെതിരെ പോലീസ് കേസെടുത്തു

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാൻ നൽകിയതിന് ഉമ്മാക്ക് എതിരെ പോലീസ് കേസെടുത്തു. തിരൂരങ്ങാടി ടി സി റോഡിലെ 38 കാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ 16 വയസ്സുള്ള മകന് ബൈക്ക് ഓടിക്കാൻ നല്കിയതിനാണ് കേസ്. തിരൂരങ്ങാടി യിൽ നിന്ന് ബൈക്ക് ഓടിച്ചു വരുമ്പോൾ താഴെച്ചിനയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. പരിശോധനയിൽ ആർ സി ഉടമ പിതാവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹം ചെന്നൈ യിലാണ്. വണ്ടിയുടെ കൈവശക്കാരൻ കുട്ടിയുടെ ഉമ്മയാണെന്നു കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടിക്കും മറ്റുള്ളവർക്കും ജീവന് അപായം വരും എന്നറിഞ്ഞിട്ടും വാഹനം ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ കേസ് എടുക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വണ്ടി ഓടിക്കാൻ നൽകിയാൽ രക്ഷിതാക്കൾക്ക് എതിരെയാണ് കേസെടുക്കുക. ആർ സി ഉടമ സ്ഥലത്തുള്ളവരാണെങ്കിൽ ഉടമക്ക് എതിരെയും, ഇല്ലെങ്കിൽ ആരാണോ വണ്ടി കൈവശം വെക്കുന്നത് അവർക്കെതിരെയും കേസെടുക്കും. ഭീമമായ തുകയാണ് ഫൈൻ ആയി ഈടാക്കുന്നത്. കോടതിയിൽ പിഴ അടക്കണം. തിരൂരങ്ങാടി സ്റ്റേഷനിൽ തന്നെ ഇത്തരത്തിൽ നിരവധി കേസുകൾ എടുത്തതായി പോലീസ് പറഞ്ഞു. എന്നിട്ടും ഇത് ആവർത്തിക്കുകയാണ്. തിരൂരങ്ങാടി ടുഡേ. അപകടം പറ്റിയാൽ വണ്ടി ഓടിച്ചവർക്കും അപകടത്തിന് ഇരയായവർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. വണ്ടി ഓടിച്ചവർ നഷ്ടപരിഹാരം നൽകേണ്ടി വരും.

error: Content is protected !!