തൃശൂര്‍ : റോഡരികില്‍ കിടക്കുകയായിരുന്ന ഊരും പേരുമറിയാത്ത ഒരാളുടെ ശരീരത്തില്‍ വാഹനം കയറി ഗുരുതരപരിക്കുപറ്റി മരണപെടുകയും മൃതദേഹം വാഹനത്തില്‍ കയറ്റി നെല്ലങ്കര കുറ്റുമുക്ക് പാടശേഖരത്തില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതിയായ തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശിയായ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സമീപമുള്ള പൂനം നിവാസില്‍ വിശാല്‍ ദിലീപ് സോണി (40) എന്നയാളെയാണ് മണ്ണുത്തി പോലീസ് അറസ്റ്റുചെയ്തത്.
ഈ മാസം 24 ന് രാവിലെ 07.00 മണിയോടെ നെല്ലങ്കര കുറ്റുമുക്ക് പാടശേഖരത്ത് ഊരും പേരും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹം കാണപെട്ടിരുന്നു. മൃതദേഹത്തില്‍ മുറിവും ഉരച്ചിലുകളും കണ്ടതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് മണ്ണുത്തി ഇന്‍സ്‌പെക്ടര്‍ എ.കെ സജീഷ് കേസ്സ് ഏറ്റെടുത്തുള്ള അന്വേഷണങ്ങളിലും മറ്റ് ശാസ്ത്രീയ പരിശോധനകളിലും കൂടാതെ, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം എന്നിവ നടത്തിയതിലും മരണം നടന്നത് വാഹനാപകടം മൂലമാകാന്‍ സാധ്യതയുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടക്കുകയായിരുന്നു.
അന്വേഷണത്തില്‍ സംഭവസ്ഥലത്ത് കണ്ട നമ്പര്‍ പ്ലൈറ്റ് വ്യക്തമല്ലാത്ത കറുത്ത നിറത്തിലുള്ള കാറിനെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. അന്വേഷണത്തില്‍ കാറിന്റെ ഉടമസ്ഥന്‍, തൃശ്ശൂര്‍ സ്വദേശിയായ ദിലീപ് സോണി എന്നയാളിലേക്കാണ് അന്വേഷണം തിരിഞ്ഞത്. 23-ാം തിയ്യതി രാത്രി 09.00 മണിയോടെ മരണപ്പെട്ടയാള്‍ തൃശ്ശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷന് സമീപമുള്ള പ്രതിയായ വിശാല്‍ സോനിയുടെ വീടിന്റെ മുന്‍വശം റോഡരികില്‍ കിടക്കുകയായിരുന്നു. ഈ സമയം വിശാല്‍ സോണി ഓടിച്ച് വന്നിരുന്ന കാര്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കയറി ഇറങ്ങുകയും തത്സമയം ഗുരുതര പരിക്ക് പറ്റിയ ആള്‍ക്ക് ചികിത്സ നല്‍കാതെ ഇതേ കാറില്‍ കയറ്റി വിശാല്‍ സോണിയും കൂടെയുണ്ടായിരുന്ന ദിലീപ്കമാര്‍, ചിത്ര എന്നിവരും ചേര്‍ന്ന് നെട്ടിശ്ശേരി പാടത്ത് ഉപേക്ഷിക്കുകയുമായിരുന്നു എന്ന വിവരം അന്വേഷണത്തില്‍ ലഭിക്കുകയും ചെയ്തു.
മണ്ണുത്തി പോലീസ് ഇക്കാര്യത്തിന് കെസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഒന്നാം പ്രതിയായ വിശാല്‍ ദിലീപ് സോണിയെ റിമാന്റ് ചെയ്തു. ദിലീപ്, ചിത്ര എന്നിവരെ പ്രതിയോടൊപ്പം ചേര്‍ന്ന് തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നതിന് പ്രതികളായും ചേര്‍ത്തിട്ടുണ്ട്.
ഇന്‍സ്‌പെക്ടര്‍ എ.കെ സജീഷ് കൂടാതെ, സബ് ഇന്‍സ്‌പെക്ടര്‍ ജീസ് മാത്യു, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗോകുലന്‍, സുധീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, ധനേഷ് മാധവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.പി. അജിത്ത് തൃശ്ശൂര്‍ സിറ്റി എസ്എജിഒസി അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍ പി.എം റാഫി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, സുനീബ്, സിംസണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, സജിചന്ദ്രന്‍, ഡാന്‍സാഫ് അംഗമായ സിവില്‍ പോലീസ് ഓഫീസര്‍ വിപിന്‍ദാസ് എന്നിവരും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.