Monday, August 11

സിപിഎമ്മിന്റെ മത വിരോധം സമുദായം തിരിച്ചറിയും: എസ്എംഎഫ്


മലപ്പുറം : പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേര് പറഞ്ഞ് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ സി.പി.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് തീര്‍ത്തും അപലപനീയമാണെന്ന് സുന്നി മഹല്ല് റേഷന്‍ മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മത ചിഹ്നങ്ങളോടും മതസ്ഥാപനങ്ങളോടും സി.പി.എം നുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ നടത്തുന്ന ഇത്തരം പ്രതിഷേധങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന ദാറുല്‍ഹുദായുടെ വളര്‍ച്ചയില്‍ അസൂയാലുക്കളാണ്് ഈ പ്രതിഷേധ സമരത്തിന് പിന്നിലെന്നും മഹല്ല് ഫെഡറേഷന്‍ വ്യക്തമാക്കി. മതത്തോടും മത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മത നേതൃത്വത്തോടുമുള്ള സിപിഎമ്മിന്റെ വിരോധം മറനീക്കി പുറത്തുവന്ന കാഴ്ചയാണ് ഇന്നലെ ദാറുല്‍ ഹുദായിലേക്കുള്ള സമരത്തിലൂടെ കാണാന്‍ സാധിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ ഇല്ലാകഥകള്‍ പടച്ചുണ്ടാക്കി സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ മാര്‍ച്ചില്‍ ദാറുല്‍ഹുദാ വി.സി ഉസ്താദ് ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദവിക്കെതിരെ വ്യക്തി അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചു കൊണ്ടാണ് പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചത്. ദാറുല്‍ഹുദായുടെ പരിസരത്തുള്ള സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങളും സിപിഎം നേതാവിന്റെ ഓഡിറ്റോറിയവുമെല്ലാം വയലും പുഴക്കരയും മണ്ണിട്ട് നികത്തി തന്നെ സമാന രീതിയില്‍ നിര്‍മ്മിച്ചതാണെന്ന് തിരിച്ചറിവ് സിപിഎം നേതൃത്വത്തിന് ഉണ്ടാവുന്നത് നല്ലതാണെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ രൂപീകൃതമായി ഇന്ത്യയില്‍ തന്നെ മാതൃകാപരമായ രീതിയില്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസ ശ്രേണിക്ക് രൂപം നല്‍കിയ ദാറുല്‍ ഹുദായെ അഭിവൃദ്ധിപ്പെടുത്താന്‍ മഹല്ല് ജമാഅത്തുകളെ ഉപയോഗപ്പെടുത്തി സാധ്യമായതെല്ലാം ചെയ്യുമെന്നും മഹല്ല് ജമാഅത്തുകള്‍ ദാറുല്‍ ഹുദായുടെ പുരോഗതിക്കായി മികച്ച പിന്തുണ നല്‍കണമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

error: Content is protected !!