പരപ്പനങ്ങാടി കോടതിക്ക് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹൈകോടതി ജസ്റ്റിസ് എൻ.നാഗരേഷ് നിർവഹിച്ചു. ജനങ്ങൾക്ക് വേഗത്തിൽ നീതി നൽകാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതി ജീവനക്കാരും അഭിഭാഷകരും അവരുടെ ബാധ്യത നിറവേറ്റണം. കേസുകൾ കൂടിയെങ്കിലും ജനസംഖ്യാനുപതമായി ജഡ്ജിമാരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെഷൻ കോടതി ജഡ്ജി കെ. സനിൽ കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.എ. മജീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ പ്രധാന കോടതികളിൽ ഒന്നായിരുന്നു പരപ്പനങ്ങാടിയിലേത്. ജില്ലയിൽ കൂടുതൽ സ്ഥല സൗകര്യമുള്ള കോടതിയാണിത്. മുൻസിഫ് കോടതി, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ഫാസ്റ്റ് ട്രാക്ക് കോടതി എന്നിവയാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. കോടതിയുടെ പഴയ തനിമ നിലനിർത്തി, പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തി നൂതന രൂപകൽപന ചെയ്തതാണ് പുതിയ ബഹുനില കെട്ടിടം.27.57 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്.
1918ൽ നിർമിച്ച പഴയ കെട്ടിടം നിലനിർത്തി ചെറിയ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുക. നാല് കോടതികൾ പ്രവർത്തിക്കുന്ന അഞ്ച് നില കെട്ടിടമാണ് നിർമിക്കുന്നത്. ഒന്നര വർഷത്തിനകം നിർമാണം പൂർത്തിയാകും. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജ് എ. ഫാത്തിമാ ബീവി, പരപ്പനങ്ങാടി നഗരസഭാ അധ്യക്ഷൻ എ.ഉസ്മാൻ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഗോപൻ മുക്കുളത്ത്, ബാർ അസോസിയേഷൻ പ്രസിഡന്റ് വനജ വള്ളിയിൽ, ജനറൽ സെക്രട്ടറി എൻ. മുഹമ്മദ് ഹനീഫ, ട്രഷറർ പി.വി. റാഷിദ് എന്നിവർ സംസാരിച്ചു.