
മലപ്പുറം : നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളില്‍ നടത്തിയ ഫീല്‍ഡ് സര്‍വ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി. 27908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അഞ്ചു ദിവസം കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ഈ സര്‍വ്വേയില്‍ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്‍ട്രോള്‍ സെല്ലിലെ കോണ്‍ടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീല്‍ഡ് സര്‍വ്വേയില്‍ ആകെ 1707 വീടുകള്‍ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി.
പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തില്‍ 144 ടീമുകള്‍ 14500 വീടുകളിലാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ഇതില്‍ 944 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തില്‍ 95 ടീമുകള്‍ 13408 വീടുകളിലാണ് സന്ദര്‍ശിച്ചത്. ഇതില്‍ 406 പേര്‍ പനിയുള്ളവരായി കണ്ടെത്തി. കണ്ടെത്തിയവരെയെല്ലാം നിപ കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ബന്ധപ്പെടുകയും ഫോണ്‍ മുഖേന വിവരങ്ങള്‍ അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിപ രോഗം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം തന്നെ ആരോഗ്യവകുപ്പ് രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഫീല്‍ഡ് സര്‍വ്വേ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. ജൂലൈ 21 മുതല്‍ തുടങ്ങിയ സര്‍വ്വേ 25 വ്യാഴാഴ്ചയാണ് പൂര്‍ത്തീകരിച്ചത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയില്‍ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആനക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യപ്രവര്‍ത്തകരോടൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് സൂപ്പര്‍വൈസര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, എം.എല്‍.എസ്.പി നഴ്‌സുമാര്‍, ആര്‍.ബി.എസ്.കെ നഴ്‌സുമാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
വെറും അഞ്ചു ദിവസം കൊണ്ട് ജില്ലയിലെ ഈ ആരോഗ്യസേന മുപ്പതിനായിരത്തോളം വരുന്ന വീടുകള്‍ സന്ദര്‍ശിച്ച സര്‍വ്വേ പൂര്‍ത്തിയാക്കിയതില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. ഫീല്‍ഡ് സര്‍വ്വേ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയ ആരോഗ്യ പ്രവര്‍ത്തകരെയും ജില്ലാ ഭരണകൂടത്തെയും നിപ അവലോകനയോഗത്തില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രത്യേകം അഭിനന്ദിച്ചു.
പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ 1707 വീടുകളില്‍ ഫീല്‍ഡ് സര്‍വ്വേ സംഘങ്ങള്‍ വീണ്ടും സന്ദര്‍ശനം നടത്തുകയും അവരുടെ കൂടി സര്‍വ്വേ പൂര്‍ത്തിയാക്കുകയും ചെയ്യും.