ആറു ദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം നല്‍കി കാലിക്കറ്റ്

ആറാം സെമെസ്റ്റര്‍ ബിരുദ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം ആറ് പ്രവൃത്തി ദിവസം കൊണ്ട് പ്രസിദ്ധീകരിച്ച് റെക്കോഡ് നേട്ടവുമായി കാലിക്കറ്റ് സര്‍വകലാശാല. മെയ് 16-ന് ഫലം പ്രസിദ്ധീകരിച്ച ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ മെയ് 31 വരെ സമയം നല്‍കിയിരുന്നു. ബി.എ. വിഭാഗത്തില്‍ നിന്ന് 714 അപേക്ഷകളും, ബി.എസ് സി., ബി.കോം. എന്നിവയില്‍ നിന്നായി യഥാക്രമം 1957, 1544 എന്നിങ്ങനെയായി ആകെ 4215 അപേക്ഷകളാണ് ലഭിച്ചത്.

മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെ സെന്റര്‍ ഫോര്‍ എക്‌സാം ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റില്‍ എത്തിച്ച് സൂക്ഷിക്കുന്നതിനാല്‍ പുനര്‍മൂല്യനിര്‍ണയത്തിനായി ഇവ അതിവേഗം കണ്ടെത്തി നല്‍കാനാകും. സര്‍വകലാശാലയിലെ മൂല്യനിര്‍ണയ കേന്ദ്രത്തില്‍ 100 അധ്യാപകരെ പങ്കെടുപ്പിച്ച് രണ്ടുദിവസത്തിലാണ് പുനര്‍മൂല്യനിര്‍ണയം നടത്തിയതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ് പറഞ്ഞു. ഫലപ്രഖ്യാപനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരീക്ഷാഭവന്‍ ജീവനക്കാരെയും അധ്യാപകരെയും അഭിനന്ദിച്ചു.

പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റിന്റെ പരീക്ഷാസ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, അസി. രജിസ്ട്രാര്‍മാരായ ആര്‍.കെ. ജയകുമാര്‍, ചാള്‍സ് പി. ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!