കാലിക്കറ്റിലെ ഗവേഷകര്‍ വികസിപ്പിച്ച സൂപ്പര്‍ കപ്പാസിറ്റര്‍ സാങ്കേതികവിദ്യ ശാസ്ത്രദിനത്തില്‍ കൈമാറും

കാലിക്കറ്റ് സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം ഗ്രീന്‍ ഗ്രാഫീന്‍ ലബോറട്ടറിയില്‍ (ജി.ജി.എല്‍.) വികസിപ്പിച്ചെടുത്ത സൂപ്പര്‍ കപ്പാസിറ്റര്‍ ടെക്‌നോളജി ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് കോഴിക്കോട് ആസ്ഥാനമായുള്ള ഇലക്ട്രിവോര്‍ കമ്പനിക്ക് കൈമാറും. സാങ്കേതിക വിദ്യാവികസനത്തിനുള്ള ധാരണയനുസരിച്ച് സര്‍വകലാശാലയിലെ ഗ്രാഫീന്‍ ലാബില്‍ കുറേനാളായി ഇതിനുള്ള ഗവേഷണം തുടരുകയാണ്.

ഒരേസമയം സുതാര്യവും എന്നാല്‍ വൈദ്യുതിയുടെ ചാലകവുമായ ഗ്രാഫീന് സവിശേഷമായ ഒട്ടനവധി ഭൗതിക താപ വൈദ്യുത ഒപ്റ്റിക്കല്‍ പ്രത്യേകതകളുണ്ട്. ഇതിന്റെ വ്യവസായ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് കേരളത്തില്‍ രാജ്യത്തെ ആദ്യത്തെ  ഗ്രാഫീന്‍ ഇന്നോവഷന്‍  സെന്ററും ഇതിന്റെ തുടര്‍ച്ചയായുള്ള പ്രീ-പ്രൊഡക്ഷന്‍ സെന്ററും തുടങ്ങുന്നത്. ഈ സാഹചര്യത്തില്‍ വലിയൊരു മുന്നേറ്റമാണ് ജി.ജി.എല്ലിന്റെ ഭാഗത്തുനിന്നുള്ള ഈ സൂപ്പര്‍ കപ്പാസിറ്റര്‍ സാങ്കേതിക വിദ്യയെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന രസതന്ത്രവിഭാഗം പ്രൊഫസര്‍ ഡോ. ബിനിത പറഞ്ഞു.

കെ.എസ്. സുവര്‍ണ, വി.പി. ഹരിത, എ.പി. ചാന്ദ്‌നി, വി.സി. സുചിത്ര, എസ്. സുമിഷ, പി. ദിവ്യ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഇതില്‍ പ്രവര്‍ത്തിച്ചത്. പരിസ്ഥിതി സൗഹൃദമായി ഗ്രാഫൈറ്റില്‍  നിന്ന് കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിച്ച ഗ്രാഫീനും അതിന്റെ വിവിധ നാനോ കോമ്പോസിറ്റുകളും സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുകയായിരുന്നു.

ബാറ്ററികളും സൂപ്പര്‍ കപ്പാസിറ്ററുകളും എത്ര വേഗത്തില്‍ എത്ര നേരത്തേക്ക് ഊര്‍ജം പ്രദാനം ചെയ്യുന്നു എന്നതിന്റെ സൂചകങ്ങളാണ് പവര്‍ ഡെന്‍സിറ്റിയും എനര്‍ജി ഡെന്‍സിറ്റിയും. ബാറ്ററികളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര വേഗത്തില്‍ ഊര്‍ജം നല്‍കുന്നു എന്നതിന്റെ സൂചകമായ പവര്‍ ഡെന്‍സിറ്റി സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്ക് കൂടുതലാണ്. എന്നാല്‍  എത്ര നേരത്തേക്ക് നല്‍കുമെന്നതിന്റെ സൂചകമായ എനര്‍ജി ഡെന്‍സിറ്റി സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്ക് താരതമ്യേന കുറവാണ്. ഇലക്ട്രിക് വാഹനങ്ങളില്‍ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ സ്രോതസ്സ് ബാറ്ററികള്‍ ആണെങ്കിലും അവയുടെ പവര്‍ ഡെന്‍സിറ്റി കുറവായതുകൊണ്ട് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വേഗത്തില്‍ കൂടുതല്‍ ഊര്‍ജം ലഭിക്കുന്നതിനായി സൂപ്പര്‍കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നു.

കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ പവര്‍ ആവശ്യമായ സാഹചര്യങ്ങളില്‍ ബാറ്ററികളേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്കാകും. ബാറ്ററികളെക്കാള്‍ കൂടുതല്‍ ചാര്‍ജും ഡിസ്ചാര്‍ജും സാധ്യമാണ്. അവയുടെ ചാക്രികസ്ഥിരതയും സൂപ്പര്‍ കപ്പാസിറ്റര്‍ സാങ്കേതിക വിദ്യയുടെ പ്രചാരം വര്‍ധിപ്പിക്കുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഉയര്‍ന്ന പവര്‍ ഡെന്‍സിറ്റിയും ബാറ്ററികളുടേതില്‍ നിന്ന് ഒട്ടും കുറവല്ലാത്ത എനര്‍ജി ഡെന്‍സിറ്റിയും പ്രദാനം ചെയ്യാന്‍ കഴിവുള്ളവയാണ് സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ കപ്പാസിറ്ററുകള്‍.

28-ന് രാവിലെ 10 മണിക്ക് കെമിസ്ട്രി വകുപ്പിലെ ലാബില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ്. വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്രദിന ക്വിസും സംഘടിപ്പിക്കുന്നുണ്ട്.

error: Content is protected !!