കോഴിക്കോട് : മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം നിപ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
രോഗം എന്താണെന്ന് അന്തിമ സ്ഥിരീകരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജാഗ്രതയോടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റില്‍ സമഗ്ര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ടീമുകളെ നിശ്ചയിച്ചു. യോഗത്തിന് ശേഷം ഡോക്ടര്‍മാരുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു. സമ്പര്‍ക്ക പട്ടികയും കേസ് സ്റ്റഡിയും വിശദമായി നടത്തുന്നതിന് നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് കീഴിലെ ദിശയിലെ 104, 1056, 0471 2552056, 2551056 ഈ നമ്പറുകളില്‍ വിളിക്കാമെന്നും വീണാ ജോര്‍ജ് അറിയിച്ചു.