രണ്ട് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല ; പ്രിന്റിംഗ് പ്രസിലെ ജീവനക്കാര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഉടമയും കുടുംബവും മരിച്ച നിലയില്‍

കൊല്ലം : രണ്ട് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പ്രിന്റിങ് പസിലെ ജീവനക്കാര്‍ വീട്ടില്‍ എത്തിയപ്പോള്‍ പ്രസ് ഉടമയും കുടുംബവും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊപ്പാറ പ്രസ് ഉടമ രാജീവ് രാമ കൃഷ്ണന്‍ (56), ഭാര്യ ആശാ രാജീവ് (50), മകന്‍ മാധവ് (21) എന്നിവരെയാണ് വാടകയ്ക്ക് താമസിച്ചിരുന്ന കുണ്ടറ കേരളപുരം കെപിപി ജംക്ഷന്‍ ‘ഗസല്‍’ എന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലും മകന്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലും ആണ് കണ്ടത്.

കൊല്ലത്ത് പ്രിന്റിംഗ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന് കേരളപുരത്തേയ്ക്ക് മാറ്റിയിരുന്നു. രാജീവ് പ്രസില്‍ എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ കൂറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പ്രസിലെ ജീവനക്കാര്‍ വീട്ടിലെത്തിയത്. ഗേറ്റ് പൂട്ടിയ നിലയിലും വീട്ടിന്റെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. പിന്നീട് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.

രണ്ടു വര്‍ഷമായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. കുടുംബത്തിന് കടബാദ്ധ്യതയുണ്ടെന്നാണ് വിവരം.

error: Content is protected !!