കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ച നിലയിൽ

Copy LinkWhatsAppFacebookTelegramMessengerShare

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ സൗജത്തിനെ(30)യാണ് കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴുത്തിൽ ഷാൾ മുറുക്കിയനിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകൻ ബഷീറിനെ കോട്ടയ്ക്കലിലാണ് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം ഇയാൾ തന്നെ സഹോദരിയെ ഫോണിൽ വിളിച്ചറിയിച്ചെന്നാണ് വിവരം. തുടർന്ന് ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

2018-ലാണ് തെയ്യാല ഓമചപ്പുഴ റോഡിൽ വാടക ക്വാർട്ടെഴ്സിൽ താമസിക്കുന്ന താനൂർ സ്വദേശി പൗറകത്ത് സവാദി(40)നെ ഭാര്യ സൗജത്തും കാമുകനായ ബഷീറും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. വീടിന്റെ സിറ്റൗട്ടിൽ കിടന്നുറങ്ങുകയായിരുന്ന സവാദിനെ ബഷീർ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് സൗജത്ത് മരണം ഉറപ്പുവരുത്തുകയും ചെയ്തു. സംഭവത്തിന്റെ പിറ്റേദിവസം തന്നെ സൗജത്തിനെ പോലീസ് പിടികൂടിയിരുന്നു. കൃത്യം നടത്തിയശേഷം വിദേശത്തേക്ക് മുങ്ങിയ ബഷീറിനെ പിന്നീട് നാട്ടിൽ തിരിച്ചെത്തിച്ചും അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇരുവരും ജില്ലയിലെ വിവിധഭാഗങ്ങളിലെ വാടകക്വാർട്ടേഴ്സുകളിലാണ് താമസിച്ചുവന്നിരുന്നത്. ആറുമാസം മുമ്പാണ് ഇവർ കൊണ്ടോട്ടി വലിയപറമ്പിൽ താമസം ആരംഭിച്ചതെന്നാണ് വിവരം. സവാദ് കൊലക്കേസിൽ പ്രതികളെ സഹായിച്ചതിന് ബഷീറിന്റെ സുഹൃത്തായ സൂഫിയാനും അറസ്റ്റിലായിരുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!