
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭയിലെ ശുചിത്വ ജൈവ – അജൈവ മാലിന്യ ശേഖരണവും സംസ്‌ക്കരണവും സമയബന്ധിതമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്.
നഗരസഭാ പരിധിയിലെ അംഗണവാടികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഉള്‍പ്പെടെ 29 സ്ഥാപനങ്ങളിലും 19 സ്‌ക്കൂളുകളിലും 5 കോളേജുകളിലും 2 ടൌണുകളിലും ഒരു ടൂറിസ്റ്റ് കേന്ദ്രമായ മ്യൂസിയം, 271 അയല്‍ക്കൂട്ടങ്ങളിലും മാലിന്യ ശേഖരണത്തിനും സംസ്‌ക്കരണത്തിനും സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ ഒക്കെതന്നെ ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹരിതകര്‍മ്മേസന മുഖേനയുള്ള വാതില്‍പ്പടിശേഖരണം നഗരസഭാ പരിധിയിലെ 39 വാര്‍ഡുകളില്‍ നിന്നും മൊത്തം 18600 സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ മാര്‍ച്ച് മാസത്തോടെ 100 % സര്‍വ്വീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മാലിന്യ മുക്ത നഗരസഭ എന്ന നേട്ടം കൈവരിക്കാനായത്.
ഈ പ്രവര്‍ത്തനത്തിന് സഹകരിച്ച നഗരസഭയിലെ മുഴുവന്‍ ജനങ്ങളോടും ഹരിതകര്‍മ്മസേനാംഗങ്ങളോടും ശുചീകരണവിഭാഗം ജീവനക്കാരോടും വാര്‍ഡ്തലത്തില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച വാര്‍ഡ് കൌണ്‍സലര്‍മാരോടും നഗരസഭാ ചെയര്‍മാന്‍ പ്രത്യേകം പ്രശംസിച്ചു. മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് നിക്ഷേപിക്കാനോ വലിച്ചെറിയാനോ പാടില്ലായെന്നും നഗരസഭാ ചെയര്‍മാന്‍ ഓര്‍മ്മിപ്പിച്ചു.
മാലിന്യമുക്ത പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച് മികച്ച നേട്ടം കൈവരിച്ച ഹരിതകര്‍മ്മസേനാംഗങ്ങളെ അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. പരിപാടിയ്ക്ക് ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ സുലൈഖ കാലൊടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി പി ഇസ്മായില്‍ സ്വാഗതം പറഞ്ഞു. ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍ ടി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്, സുഹ്‌റാബി സി പി, എന്നിവര്‍ ആശംസ അറിയിച്ചു. നഗരസഭാ കൌണ്‍സിലര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, ഹരിതസേനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. അബ്ദുറഹിമാന്‍കുട്ടി, അബു വി വി, മോഹനന്‍ വെന്നിയൂര്‍, എം പി ഇസ്മായില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.