തിരൂരങ്ങാടി : ഇന്ത്യയിലെ എല്ലാ നഗരസഭകളെയും, അവർ നടപ്പിലാക്കുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്ക് ചെയ്യുന്ന സ്വച്ഛ് സര്‍വ്വേക്ഷന്‍ 2024-ന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ വിവിധ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളുടെ സമർപ്പണവും അർഹരായവർക്കുള്ള ആദരവും സംഘടിപ്പിച്ചു. നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാനും ശുചിത്വ ബ്രാൻഡ് അംബാസിഡർ കൂടിയായ കെ പി മുഹമ്മദ് കുട്ടി , സ്വച്ഛത ചാമ്പ്യൻ ആയി തിരഞ്ഞെടുത്ത നഗരസഭയിലെ ശുചീകരണ തൊഴിലാളികളെയും, സ്വച്ഛ് വാർഡ് ആയി തിരഞ്ഞെടുത്ത വാർഡുകളിലെ കൗൺസിലർമാരെയും ബന്ധപ്പെട്ട ഹരിതകർമസേന അംഗങ്ങളെയും ആദരിച്ചു. ഇതോടൊപ്പം കുവൈത്ത് പ്രവാസി സംഘടനയായ നാഫോ ഗ്ലോബൽ സ്പോൺസർ ചെയ്ത ഹരിതകർമസേനക്കുള്ള സുരക്ഷ ഉപകരണം വിതരണം ചെയ്യുകയും പൊതുഇടങ്ങളിൽ സ്ഥാപിക്കാനുള്ള വേസ്റ്റ് ബിൻ, ശുചിത്വ ബോധവത്കരണ ബോർഡുകളുടെ സമർപ്പണവും നടന്നു.
വൈസ് ചെയർപേഴ്‌സൺ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇസ്മായിൽ സി പി സ്വാഗതം പറഞ്ഞു. ക്ളീൻ സിറ്റി മാനേജർ പ്രകാശൻ ടി കെ ആരോഗ്യ വിഭാഗം റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ ആശംസകൾ അറിയിച്ചു. കൗൺസിലർമാർ, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.