
ഇരിട്ടി: മൈസൂരുവില്‍ സ്വര്‍ണ്ണം വിറ്റ് കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന തിരൂരങ്ങാടി സ്വദേശികളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവര്‍ന്നു. തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോണ്‍ട്രാക്ടറുമായ കെ. ഷംജദ് (38 ) ഇദ്ദേഹത്തിന്റെ സുഹൃത്തും വിദ്യാര്‍ത്ഥിയുമായ അഫ്‌നു (22 ) എന്നിവരെയാണ് തങ്ങള്‍ സഞ്ചരിച്ച കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. കുടകിലെ തിത്തിമത്തി ഭദ്രഗോളക്ക് സമീപം വെച്ച് ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് വിജനമായ സ്ഥലത്ത് വിട്ടയക്കുകയായിരുന്നു. ഷംജദിന്റെ പരാതിയില്‍ കുടക് പോലീസ് അന്വേഷണം ആരംഭിച്ചു.
മൈസൂരുവില്‍ ഷംജദിന്റെ പക്കലുണ്ടായിരുന്ന 750 ഗ്രാം സ്വര്‍ണ്ണം വിറ്റ് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ തിത്തിമത്തി ഭദ്രഗോളിക്ക് സമീപം എത്തിയപ്പോള്‍ റോഡരികില്‍ ബ്രേക്ക് ഡൗണായ നിലയില്‍ ലോറി കിടക്കുന്നതു കണ്ടു. കാര്‍ നിര്‍ത്തിയപ്പോള്‍ ചില വാഹനങ്ങളിലെത്തിയ പതിനഞ്ചോളം പേര്‍ അടങ്ങുന്ന സംഘം ഇവരോട് പണം ആവശ്യപ്പെട്ടു. മലയാളത്തിലായിരുന്നു ഇവര്‍ സംസാരിച്ചത്. എന്നാല്‍ തങ്ങളുടെ പക്കല്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ അക്രമികള്‍ ഇവരെ കാര്‍ അടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തങ്ങളുടെ കയ്യിലിലുണ്ടായിരുന്ന സ്വര്‍ണം വിറ്റുകിട്ടിയ അമ്പതു ലക്ഷം രൂപ ഇവര്‍ തട്ടിയെടുക്കുകയും വിജനമായ ഇരുട്ടുള്ള സ്ഥലത്ത് ഇറക്കിവിട്ട് കടന്നു കളയുകയുമായിരുന്നു. ഇരുട്ടില്‍ എവിടെയാണെന്നറിയാതെ ഒന്നരക്കിലോമീറ്ററോളം നടന്ന് മെയിന്‍ റോഡില്‍ എത്തി. ഇതുവഴിവന്ന ഒരു പത്രവാഹനത്തില്‍ കയറി പുലര്‍ച്ചെ 4 മണിയോടെ വീരാജ് പേട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഗോണിക്കുപ്പക്കടുത്ത ദേവപുരയാണ് ഇവരെ ഇറക്കിവിട്ട സ്ഥലം എന്ന് മനസ്സിലാക്കിയതോടെ പോലീസ് ഇവരെ ഗോണിക്കൊപ്പ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഷംജദിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ പരിശോധനയില്‍ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഇവരുടെ കാര്‍ കേടുപാടുകളോടെ കോലത്തോട് വില്ലേജില്‍ നിന്നും കണ്ടെടുത്തു.
ഐ ജി ഡോ. ബോറലിംഗപ്പ, ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അഡീഷണല്‍ എസ് പി യുടെയും ഡി വൈ എസ് പി യുടെയും നേതൃത്വത്തില്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഏഴ് സബ് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്ന് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജന്‍ പറഞ്ഞു.